പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം കേസ് അട്ടിമറിക്കുമോയെന്ന ആശങ്കള്‍ ഏറെ. നവീനിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍, അതിന് പ്രേരണാക്കുറ്റം ചുമത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കേസെടുത്തെങ്കിലും അന്വേഷണത്തിന്റെ പോക്കില്‍ നവീനിന്റെ ബന്ധുക്കളും പത്തനംതിട്ടയിലെ സിപിഎം നേതാക്കളില്‍ പലരും അസംതൃപ്തരാണ്.
കണ്ണൂരില്‍ നിന്നെത്തിയ പോലീസ് നവീനിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. ഇതിനായി കണ്ണൂര്‍ പോലീസെത്തിയത് പത്തനംതിട്ട പോലീസ് അറിഞ്ഞില്ല, അവരെ അറിയിച്ചില്ല. മൊഴിയെടുത്തത് സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുന്നെന്ന ആരോപണം ശക്തമായിരിക്കേയാണ് കണ്ണൂര്‍ പോലീസിന്റെ ഈ നടപടി. ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് അന്വേഷണം നീങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി പത്രം നവീന്‍ ബാബുവിന്റെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രീതിയും കേസിന്റെ ഗതി നിശ്ചയിക്കുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നവീനിന്റെ സഹോദരന്‍, ഭാര്യ, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കും നവീനിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച പ്രശാന്തനുമെതിരേ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീനിന്റെ സഹോദരന്‍ പ്രവീണ്‍ പരാതിപ്പെട്ടിരുന്നു.
ദിവ്യക്കെതിരേ ക്രിമിനല്‍ കേസെടുക്കേണ്ട കുറ്റമാണിതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുന്നതായി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം ഭാവിക്കുമ്പോള്‍ത്തന്നെ, കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ആഭ്യന്തര വകുപ്പും പാര്‍ട്ടി സംസ്ഥാന നേതൃത്വവും.
വയനാട് ലോക്‌സഭ, പാലക്കാട്, ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദോഷമാകാത്ത വിധം ഏതു വിധേനയും നവീനിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.
ഈ സംഭവത്തില്‍ ദിവ്യയോടുള്ള സര്‍ക്കാര്‍,-പാര്‍ട്ടി സമീപനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭിന്നാഭിപ്രായങ്ങളാണ്. കെ.കെ. ശൈലജ കോട്ടയത്ത് പ്രതികരിച്ചത് അതു വ്യക്തമാക്കുന്നതാണ്. ‘ദിവ്യ അവിടെ പോകേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി പിന്നീടു പറഞ്ഞിരുന്നു. തുടര്‍ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്കു നല്കിയിരുന്നത് വ്യാജ പരാതിയാണോ എന്ന കാര്യം എനിക്കറിയില്ല. അതെല്ലാം അന്വേഷിക്കട്ടെ’ എന്നാണ് ശൈലജ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: