Marukara

മെഡിക്കൽ രംഗത്തും സ്വദേശിവത്കരണം ! റേഡിയോളജി മുതൽ ലബോറട്ടറി വരെ ജോലി കിട്ടാൻ പാടുപെടും ; സൗദിയുടെ പുതിയ നീക്കം മലയാളികളെ അടക്കം ആശങ്കയിലാഴ്‌ത്തുന്നു

റിയാദ് : അടുത്തിടെ ജിസിസിയിൽ സ്വദേശിവത്കരണം ഏറ്റവും കൂടുതൽ നടപ്പാക്കിയതിൽ ഒന്നാമത് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇപ്പോഴിതാ  ആരോഗ്യ മേഖലയിലും സ്വദേശിവത്കരണം എന്ന ആശയവുമായി അവർ രംഗത്തെത്തി.

രാജ്യത്തെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താനാണ് സൗദി അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 16-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ്, ആരോഗ്യ മന്ത്രാലയം എന്നിവർ ചേർന്നാണ് സ്വകാര്യ മേഖലയിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്. 2025 ഏപ്രിൽ 17 മുതൽ ഈ തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണെന്ന് സമിതി അറിയിച്ചു.

റേഡിയോളജി തൊഴിൽ പദവികളിൽ സ്വദേശിവത്കരണ തോത് 65 ശതമാനമാക്കി ഉയർത്തും. കൂടാതെ മെഡിക്കൽ ലബോറട്ടറി തൊഴിൽ പദവികളിൽ സ്വദേശിവത്കരണ തോത് 70 ശതമാനമാക്കി ഉയർത്തും. കൂടാതെ തെറപ്യൂറ്റിക് ന്യൂട്രിഷൻ തൊഴിൽ പദവികളിൽ സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്തും. മറ്റ് മെഡിക്കൽ വിഭാഗമായ ഫിസിയോതെറാപ്പി തൊഴിൽ പദവികളിൽ സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്താനാണ് സമിതി ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ 2025 ഏപ്രിൽ 17 മുതൽ റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അൽ ഖോബാർ എന്നിവിടങ്ങളിലെ മുഴുവൻ ആശുപത്രികളിലും, മറ്റു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും, മറ്റു മേഖലകളിലെ വലിയ മെഡിക്കൽ കേന്ദ്രങ്ങളിലും ഈ തീരുമാനം നടപ്പിലാകുന്നതാണ്. രണ്ടാം ഘട്ടത്തിൽ സൗദി അറേബ്യയിലെ മുഴുവൻ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും സ്വദേശിവത്കരണ തോത് സംബന്ധിച്ച ഈ തീരുമാനം ബാധകമാകുന്നതാണ്.

അതേ സമയം ഈ തീരുമാനം മലയാളികളടക്കമുള്ള നിരവധി മെഡിക്കൽ പ്രെഫഷണലുകളെ സാരമായി ബാധിക്കും. മറ്റ് മേഖലകളിൽ രാജ്യം സ്വദേശിവത്കരണം നടത്തിയിരുന്നെങ്കിലും മെഡിക്കൽ രംഗത്ത് ഇപ്പോൾ കൊണ്ടുവരുന്ന മാറ്റങ്ങൾ തെല്ലും ആശങ്കയോടെയാണ് പ്രവാസികളടക്കം ഉറ്റുനോക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക