Kerala

ന്യൂനമര്‍ദം നാളെ കര തൊടും: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published by

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായി തുടരുന്നതാണ് നിലവിലെ മഴയ്‌ക്ക് കാരണം. മിക്കയിടത്തും മണിക്കൂര്‍ തുടരുന്ന ഇടത്തരം മഴയാണ് ലഭിക്കുന്നത്. കിഴക്കന്‍ മലയോര മേഖലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും ഇടവേളകളില്‍ ലഭിക്കുന്നുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഒക്ടോബറില്‍ ഇതുവരെ 15.4 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. 16.5 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ഏഴ് ശതമാനം മഴയുടെ കുറവാണുള്ളത്.

ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ മധ്യമേഖലയില്‍ തുടരുന്ന തീവ്ര ന്യൂനമര്‍ദം നിലവില്‍ തമിഴ്‌നാട് തീരത്തേക്ക് എത്തുകയാണ്. നാളെ പുലര്‍ച്ചയോടെ ന്യൂനമര്‍ദം പടിഞ്ഞാറന്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ തമിഴ്‌നാട്, വടക്കന്‍ ആന്ധ്രാപ്രദേശ് തീരം തൊടും.

പുതുച്ചേരിക്കും നെല്ലൂരിനും ഇടയിലൂടെ ചെന്നൈയ്‌ക്ക് സമീപത്തൂടെയാകും ന്യൂനമര്‍ദം കരകയറുക. ഇന്ന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ കനത്ത മഴ തുടരും. നാളെ മുതല്‍ ശക്തി കുറയുമെങ്കിലും രണ്ട് ദിവസം കൂടി മഴ തുടരും. കനത്ത മഴ വലിയ നാശത്തിനും ചെന്നൈയടക്കമുള്ള സ്ഥലങ്ങളില്‍ മിന്നല്‍ പ്രളയത്തിനും ഇടയാക്കിയേക്കും. കനത്ത മഴയില്‍ ബെംഗളൂരുവില്‍ വലിയ നാശം തുടരുകയാണ്.

അതേസമയം കേരളത്തില്‍ നാളെ മുതല്‍ മഴയുടെ ശക്തിയില്‍ കുറവുണ്ടാകും. സംസ്ഥാനത്തെ അന്തരീക്ഷത്തിലെ കാര്‍മേഘങ്ങളുടെ സാന്നിധ്യവും കുറഞ്ഞ് വരികയാണ്. കേരള തീരത്ത് 55 കി.മീ. വരെ വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക് തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by