ഡെറാഡൂൺ ; ഭക്ഷ്യവസ്തുക്കളിൽ തുപ്പുകയും, മായം ചേർക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിലപാടുമായി ഉത്തരാഖണ്ഡ് സർക്കാർ . ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ നിന്ന് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു കാരണവശാലും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ആരോഗ്യമന്ത്രി ഡോ.ധൻ സിങ് റാവത്തും വ്യക്തമാക്കി. പിഴ മാത്രമല്ല ഈ കേസുകളിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ധാമി നിർദേശിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വത്തിനും , പരിശുദ്ധിയ്‌ക്കുമാണ് സർക്കാരിന്റെ മുൻഗണനയെന്ന് ധൻ സിങ് റാവത്ത് പറഞ്ഞു. ഉത്സവ വേളകളിൽ ഏതെങ്കിലും തരത്തിലുള്ള അശുദ്ധിയോ സാമൂഹിക വിരുദ്ധ പ്രവർത്തനമോ അനുവദിക്കില്ല.
അടുത്ത കാലത്തായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യവിസർജ്യവും , മറ്റും ജ്യൂസുകളിലും മറ്റ് ഭക്ഷണ പദാർഥങ്ങളിലും കലർത്തുന്ന സംഭവങ്ങൾ വെളിച്ചത്തുവന്നതായി രോഗ്യ സെക്രട്ടറിയും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് കമ്മീഷണറുമായ ഡോ. ആർ. രാജേഷ് കുമാർ പറഞ്ഞു. 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിന്റെ വ്യക്തമായ ലംഘനമാണിത്. ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ഭക്ഷ്യവസ്തുക്കളുടെ ശുദ്ധത ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യും. എല്ലാ ഭക്ഷ്യവ്യാപാരികളും നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും അതിന്റെ നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്ന ജീവനക്കാർക്ക് മുഖംമൂടികൾ, കയ്യുറകൾ, ഹെഡ് ഗിയർ എന്നിവയുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, ഭക്ഷണസാധനങ്ങൾ തയ്യാറാക്കുമ്പോൾ പുകവലിക്കുകയോ തുപ്പുകയോ ചെയ്യരുത്.ഇതിനായി സർക്കാർ നിരവധി റെയ്ഡ് കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്, കൂടാതെ സാമ്പിൾ പരിശോധന നടപടികളും ആരംഭിച്ചു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹോട്ടൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.ലൈസൻസില്ലാതെ ഭക്ഷണ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് ഡോ. ആർ. രാജേഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: