കോട്ടായി: സംഗീതലോകത്ത് നാദങ്ങള്‍ കൊണ്ട് മാന്ത്രിക വിസ്മയം തീര്‍ത്ത ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. ജില്ലയിലെത്തുന്ന സംഗീതപ്രേമികള്‍ ഒരിക്കല്‍ പോലും ചെമ്പൈയുടെ തട്ടകമായ കോട്ടായിയിലെ ചെമ്പൈ ഗ്രാമം സന്ദര്‍ശിക്കാതെ പോകാറില്ല. 1974 ഒക്ടോബര്‍ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു ചെമ്പൈയുടെ അവസാന കച്ചേരി. കച്ചേരി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമായിരുന്നു മരണം.
ഏഴാം വയസ്സില്‍ ചെമ്പൈ പാര്‍ത്ഥസാരഥിയുടെ മുന്നില്‍ അരങ്ങേറ്റം കുറിച്ച ചെമ്പൈ സഹോദരന്മാരുടെ ആദ്യ കച്ചേരി വെള്ളിനേഴിയിലെ കാന്തളൂര്‍ ശിവക്ഷേത്രത്തിലായിരുന്നു. അന്നത്തെ കച്ചേരിയില്‍ വയലിന്‍ വായിച്ചത് അച്ഛന്‍ അനന്തഭാഗവതരും മൃദംഗം ചൊക്കനാദപുരം അയ്യാഭാഗവതരുമായിരുന്നു.
1920 കളുടെ അവസാനം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ നീണ്ട അവിസ്മരണീയ കൂട്ടുകെട്ടായിരുന്നു അക്കാലത്ത് സംഗീതലോകത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന ചെമ്പൈ ചൗഡയ്യ, പാലക്കാട് മണിഅയ്യര്‍ എന്നിവരുടെ കൂട്ടുകെട്ട്.
1940ല്‍ ചൗഡയ്യയുടെ ആവശ്യപ്രകാരം വാണി എന്ന കന്നട സിനിമയില്‍ ഷണ്മുഖപ്രിയരാഗത്തില്‍ നിഖില പാപനാശിനി എന്ന ഗാനം ചെമ്പൈ പാടുകയുണ്ടായി. ഈ ഗാനത്തിന് ചെമ്പൈക്ക് പ്രതിഫലമായി ലഭിച്ച 5000 രൂപ കൊണ്ട് പാര്‍ത്ഥസാരഥിക്ക് സ്വര്‍ണ ഗോളക പണിതു സമ്മാനമായി നല്‍കി.
സംഗീത ലോകത്ത് പക്കവാദ്യക്കാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനായി മികച്ച അവസരം നല്‍കിയ സംഗീത പ്രതിഭ കൂടിയായിരുന്നു ചെമ്പൈ. 1972 ലെ ചെമ്പൈ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തോടനുബന്ധിച്ചാണ് യേശുദാസ് ആദ്യമായി ചെമ്പൈ അഗ്രഹാരത്തില്‍ എത്തിയത്്.
ഇന്ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടക്കുന്ന ചെമ്പൈ സ്മൃതിയില്‍ അഷ്ടപദി, പഞ്ചരത്ന കീര്‍ത്തനാലാപനം, അഖണ്ഡ സംഗീതകച്ചേരികള്‍, അനുസ്മരണസമ്മേളനം, ആദരണം, പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.
രാവിലെ ഏഴരക്ക് കോട്ടായി ചെമ്പൈ മഠത്തില്‍ നിന്ന് കൊണ്ട് വരുന്ന ചെമ്പൈയുടെ തംബുരുവിനും ഭാഗവതര്‍ അരങ്ങേറ്റം നടത്തിയ കാന്തള്ളൂര്‍ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവരുന്ന ദീപശിഖക്കും ശ്രീകൃഷ്ണക്ഷേത്രത്തില്‍ സ്വീകരണം നല്‍കും.
വൈകിട്ട് നാലരക്ക് നടക്കുന്ന അനുസ്മരണസമ്മേളനം പത്മഭൂഷണ്‍ ടി.വി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി അധ്യക്ഷതവഹിക്കും.
ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പങ്കെടുക്കും. ആറരക്ക് മല്ലാഡി ബ്രദേഴ്സിന്റെ രാഗാഞ്ജലി ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക