ഇടുക്കി: ഗുണനിലവാരമുള്ള ബേക്കറി ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ചിരുന്ന കുടുംബശ്രീ സംരംഭം അധികൃതരുടെ കെടുകാര്യസ്ഥത മൂലമുണ്ടായ ലക്ഷങ്ങളുടെ കടബാധ്യതയെ തുടർന്ന് അടച്ചുപൂട്ടി. ഇടുക്കിയിലെ തന്നെ മികച്ച കുടുംബശ്രീ സംരംഭമായിരുന്നു ബൈസണ്‍വാലിയിലെ ഫേമസ് ബേക്കറി. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭാവവും മാനേജർക്ക് തൊഴിൽ പരിചയം ഇല്ലാതിരുന്നതുമാണ് സംരംഭം തകരാൻ കാരണമായി കുടുംബശ്രീ അംഗങ്ങൾ ആരോപിക്കുന്നത്.
വിവിധ ബാങ്കുകളില്‍ നിന്നായി ഒരു കോടി രൂപയിലധികം തിരിച്ചടക്കാനുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ പേരില്‍ കേരള ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ വായ്‌പ എടുത്തിട്ടുണ്ട്. ബേക്കറി അടച്ച് പൂട്ടിയതോടെ ഈ കടം തീര്‍ക്കേണ്ട ബാധ്യത കുടുംബശ്രീ അംഗങ്ങള്‍ക്കായി. ഇതോടെ 25 ലക്ഷം രൂപയുടെ കടക്കെണിയിലാണ് താനെന്ന് കുടുംബശ്രീ അംഗം ആലീസ് ബെന്നി പറഞ്ഞു. മൈദ, പഞ്ചസാര അടക്കം പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങൾക്കും ലക്ഷങ്ങൾ നൽകാനുണ്ട്.
2018 ല്‍ കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും കരസ്ഥമാക്കിയ ബേക്കറിയാണ് അധികാരികളുടെ കെടുകാര്യസ്ഥത മൂലം പൂട്ടിപ്പോയത്. ബൈസണ്‍വാലി പഞ്ചായത്തിലെ സിഡിഎസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 2013 ലാണ് പഞ്ചായത്ത് ഓഫീസിനടുത്ത് ഫേമസ് ബേക്കറി പ്രവര്‍ത്തനമാരംഭിച്ചത്. 80 ലക്ഷം രൂപ മുടക്കി പഞ്ചായത്താണ് കെട്ടിടം നിര്‍മിച്ചു നല്‍കിയത്. ഗുണനിലവാരമുള്ള ബേക്കറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിച്ചതോടെ ഫേമസ് ബേക്കറി ജില്ലയിലെ മികച്ച സംരംഭങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.
20ലധികം സ്ത്രീകളുടെ വരുമാനം മാർഗ്ഗമായിരുന്ന സ്ഥാപനം തകർത്തത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: