ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് സ്വകാര്യ സംരംഭകരായ സ്‌പേസ് എക്‌സ്. 2024ലെ 100-ാം റോക്കറ്റ് ആണ് സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. നൂറാം ദൗത്യത്തില്‍ 23 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളാണ് സ്‌പേസ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ചത്. ഇന്നലെ രാവിലെയാണ് സ്‌പേസ് എക്‌സ് 2024ല്‍ തങ്ങളുടെ നൂറാം റോക്കറ്റ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. 23 സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളുമായി ഫാള്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ലോറിഡയിലെ കേപ് കനാവെരല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയരുകയായിരുന്നു.
വിക്ഷേപണത്തിന് എട്ട് മിനുറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്റെ ആദ്യഘട്ടം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങി. രണ്ട് മണിക്കൂറിന് ശേഷം മറ്റൊരു വിക്ഷേപണവും സ്‌പേസ് എക്‌സ് നടത്തി. എതിര്‍തീരമായ കാലിഫോര്‍ണിയയിലെ വാണ്ടെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് 20 സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുകയാണ് ഈ ദൗത്യത്തില്‍ സ്‌പേസ് എക്‌സ് ചെയ്തത്. ഇക്കുറിയും റോക്കറിന്റെ ആദ്യ ഭാഗം സുരക്ഷിതമായി തിരിച്ചിറങ്ങി. ഒക്ടോബര്‍ 14ന് നാസയുടെ യൂറോപ്പ ദൗത്യത്തിനായി ക്ലിപ്പര്‍ പേടകത്തെ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ സ്‌പേസ് എക്‌സ് അയച്ചതിന് പിന്നാലെയായിരുന്നു ഈ രണ്ട് വിക്ഷേപണങ്ങളും. വ്യാഴത്തിന്റെ ചന്ദ്രനുകളിലൊന്നായ യൂറോപ്പയിലേക്ക് 1.8 ബില്യണ്‍ മൈല്‍ യാത്രയ്‌ക്കാണ് ക്ലിപ്പര്‍ ബഹിരാകാശ പേടകം പുറപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 28ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ-9 മിഷന്‍ ലോഞ്ചിനിടെ അപ്പർ സ്റ്റേജിന് തകരാർ കണ്ടെത്തിയ ശേഷം ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിക്കാന്‍ അമേരിക്ക അനുമതി നല്‍കിയത് ഒക്ടോബർ 11ന് മാത്രമായിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മാത്രം ശേഷം ഇരട്ട വിക്ഷേപണങ്ങളുമായി ബഹിരാകാശ രംഗത്ത് കരുത്തുകാട്ടിയിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: