തിരുവനന്തപുരം: താങ്ങാനാകുന്നതിനും അപ്പുറം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്ന് സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ അഞ്ചുവര്‍ഷത്തില്‍ 53.35 ശതമാനത്തിന്റെ വര്‍ദ്ധന. കടമെടുപ്പ് വഴിയുള്ള വരുമാനത്തിലെ 6.49 ശതമാനം മുതല്‍ 97.88 ശതമാനം വരെ കടത്തിന്റെ തിരിച്ചടവിനാണ് വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ട്. കടമെടുപ്പില്‍ നിയന്ത്രണമില്ലാത്തതാണ് ഈ മോശപ്പെട്ട സ്ഥിതിക്ക് കാരണമെന്നും സിഎജിയുടെ വിമര്‍ശനം.
2018-19 കാലയളവില്‍ സംസ്ഥാനത്തിന്റെ കടബാധ്യത 2.41 ലക്ഷം കോടിയായിരുന്നു. 2022-23 എത്തിയപ്പോള്‍ 53.35 ശതമാനം വര്‍ധിച്ച് 3.70 ലക്ഷം കോടിയായി. 2023 മാര്‍ച്ചു വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പൊതുകടത്തില്‍ 79,766.53 കോടിയുടെ വര്‍ധനവുണ്ടായി. ആഭ്യന്തര കടം 76,146.04 കോടിയായി വര്‍ദ്ധിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വായ്പകളില്‍ 3,620.49 കോടി വര്‍ധനവുണ്ടായി. അഞ്ചു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്തിന്റെ പൊതുകടം 1,58,234.45 കോടിയില്‍ നിന്നും 2,52,506.28 കോടിയായി ഉയര്‍ന്നു. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെയും പെന്ഷന് കമ്പനിയുടെയുമടക്കം കടമെടുപ്പുകള്‍ കൂടി കണക്കിലെടുത്താല്‍ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതകള്‍ നാല് ലക്ഷം കോടിയിലെത്തും.
അതേസമയം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 2018-19നെ അപേക്ഷിച്ച് 8.69 ശതമാനം വര്‍ധിച്ച് 10,46,188 കോടിയായി. തനതു നികുതി വരുമാനം 2021-22ലെ 58,340.52 കോടിയില്‍ നിന്നും 23.36 ശതമാനം വര്‍ധിച്ച് 2022-23ല്‍ 71,968.16 കോടിയായി. നികുതിയേതര വരുമാനം 10,462.51 കോടിയില്‍ നിന്നും 15,117.96 കോടിയായി.
എന്നാല്‍ റവന്യൂ ചെലവ് 1,46,119.51 കോടിയില്‍ നിന്നും 2.89 ശതമാനം കുറഞ്ഞ് 2022-23ല്‍ 1,41,950.93 കോടിയായി. സംസ്ഥാനത്തിന്റെ മൂലധന ചെലവ് 2021-22ലെ 14,19173 കോടിയില്‍ നിന്നും 202223ല്‍ 13,996.56 കോടിയായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: