ബിജെപി, ആര്‍എസ്എസ് സംഘടനാ പ്രതിനിധികളുടെ അഭാവത്തില്‍ അവര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്താന്‍ ചില എംഎല്‍എമാര്‍ നിയമസഭയെ വേദിയാക്കിയിരിക്കുന്നു. എംഎല് എമാരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിയമ നിര്‍മാണ സഭയില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ഭരണഘടനയിലെ 194 (2)അനുച്ഛേദം അനുശാസിക്കുന്നു. അതിന്റെ മറവിലാണ് പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മന്ത്രി കെ. രാജന് പ്രസ്താവിച്ചത്. തൃശ്ശൂരില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയായ സിപിഐയുടെ റവന്യൂ മന്ത്രിയാണ് കെ.രാജന്. പൂരം കലക്കിയതാണെന്നും, പിന്നീട് അല്ലെന്നും മന്ത്രി മാറ്റി മാറ്റി പറഞ്ഞു.
അസംബ്ലിക്ക് പുറത്തു വന്നു പറയാന്‍ ധൈര്യപ്പെടാത്ത, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറഞ്ഞു നിയമ നടപടികളില്‍ നിന്ന് തടി തപ്പാനുള്ള സ്ഥലമാവരുത് അസംബ്ലികള്‍. ആ സംവിധാനത്തിന്റെ പവിത്രതയും അന്തസും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത അംഗങ്ങള്‍ക്കുണ്ട്. സംസ്ഥാനത്ത് ചര്‍ച്ച ചെയ്യാന്‍ മറ്റൊരു വിഷയവുമില്ലെന്ന പോലെയാണ് ”പൂരം കലക്കല്‍” അടിയന്തര പ്രമേയമായി ചര്‍ച്ചക്കെടുത്തത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ച സഭ ഒടുവില്‍ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുകൂട്ടരും ആര്‍എസ്എസ് ബന്ധം ആരോപിക്കാന്‍ മത്സരിച്ചു. വി.ഡി. സതീശനും, കെ.കെ.ശൈലജയും, കടകംപള്ളിയും, ഇഎംഎസും, പിണറായിയും, ശിവദാസ മേനോനുമൊക്കെ ആര്‍എസ്എസുമായി പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്ന പരാമര്‍ശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
കരിപ്പൂര്‍ വിമാനത്താവളം വഴി വന്ന ഹവാല പണമുപയോഗിച്ചു മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ചര്‍ച്ചയ്ക്ക് വിധേയമായി. പൂരം കലക്കുന്നതില്‍ പ്രത്യക്ഷത്തില്‍ നേതൃത്വം നല്കിയ കമ്മീഷണറെ രക്ഷിക്കാനും, പകരം എഡിജിപിയാണ് ഉത്തരവാദിയെന്നു വരുത്തിത്തീര്‍ക്കാനും അസംബ്ലിയില്‍ ശ്രമിച്ച സതീശന്റെ ശ്രമം ദുരൂഹമാണ്. കമ്മീഷണര്‍ക്ക് വേണ്ടി വാദിച്ച സതീശന് അദ്ദേഹം കാര്യങ്ങള്‍ സുഗമമായി കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും പ്രസ്താവിച്ചു. ”പൂരം കലക്കി” വിവാദം ഉയര്‍ത്തിയതിന് പിന്നിലുള്ള സതീശന്റെ ഉദ്ദേശ്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. പിണറായിയുടെ ത്രിതല അന്വേഷണത്തില്‍ എഡിജിപിക്കെതിരെയും അന്വേഷിക്കാന്‍ ഉത്തരവിട്ടത് യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യ. എന്നാല്‍ പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പോലീസ് ജനത്തെ ശത്രുവിനെപ്പോലെ കാണുകയും പൂരം കലക്കുകയും ചെയ്തുവെന്നാണ് ആക്ഷേപിച്ചത്. ശരിയായ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി വരെ കുടുങ്ങുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. സതീശന്റെ പൂരം കലക്കി സിദ്ധാന്തമായിരുന്നില്ല തിരുവഞ്ചൂരിന്റേത്. തുടര്‍ന്ന് സംസാരിച്ചവരാണ് ആര്‍എസ്എസിനെ വിഷയത്തിലേക്ക് വലിച്ചിട്ടത്.
തൃശൂരില്‍ പരാജയപ്പെട്ട എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും അംഗങ്ങള്‍ ഒന്നിച്ചു നിന്നാണ് ബിജെപിയെയും, സുരേഷ് ഗോപിയെയും, ആര്‍എസ്എസിനെയും കുറ്റപ്പെടുത്തി പ്രസംഗിച്ചത്. പൂരം അലങ്കോലപ്പെടുത്തിയത് ഭരണകക്ഷിയുടെ പോലീസാണെന്നിരിക്കെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ ഇക്കാര്യത്തില്‍ വാശിയോടെ സംഘപരിവാറിനെതിരെ കോണ്‍ഗ്രസുകാര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും പൂരത്തെക്കുറിച്ച് ഉണ്ടാകാത്ത വ്യഥയാണിപ്പോള്‍ അസംബ്ലിയില്‍ കാണാന്‍ കഴിഞ്ഞത്. തൃശ്ശൂരിലെ തോല്‍വിക്കൊരു പിതാവിനെ കണ്ടെത്താനാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. ഒരു രാഷ്ട്രം, ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ക്കുന്ന കാര്യത്തിലും ഭരണ-പ്രതിപക്ഷ സംഘടനകള്‍ അസംബ്ലിയില്‍ ഒന്നിച്ചു കൈകോര്‍ത്തു. കേന്ദ്രത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനോടും പ്രതിപക്ഷത്തോടും പരസ്യമായി അഭ്യര്‍ത്ഥിച്ചു. പൂരം കലക്കലിന്റെ പേരില്‍ സഭയിലുള്ള ഈ ഐക്യദാര്‍ഢ്യം അവര്‍ക്ക് വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് നേരെയുള്ള പരിഹാസമാണ്.
സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ ജയിച്ചത് പൂരം നടത്തിപ്പില്‍ പിണറായിയുടെ പോലീസിന് വന്ന വീഴ്ച കൊണ്ടു മാത്രമല്ലെന്ന് തൃശൂരുകാര്‍ക്കറിയാം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണം അടിച്ചു മാറ്റിയതു മുതല്‍ സ്വര്‍ണക്കടത്തും, മാസപ്പടി വിവാദവുമൊക്കെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് വിഷയമായി എടുത്തു. കരുവന്നൂര്‍ ബാങ്ക് പ്രശ്നത്തില്‍ കോണ്‍ഗ്രസ് തണുപ്പന്‍ നയം സ്വീകരിച്ചതും സുരേഷ് ഗോപിക്ക് കൈവന്ന സ്വീകാര്യതയും കോണ്‍ഗ്രസിന് സിറ്റിങ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായി.
പോലീസിന്റെ ഇടപെടല്‍ മൂലം പൂരം നടത്തിപ്പിന്റെ ചടങ്ങുകള്‍ തടസ്സപ്പെടുകയും ഇടയ്ക്കുവച്ച് പൂരം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ടായി. പോലീസ് ലാത്തി ചാര്‍ജ് ചെയ്യുകയും, തിടമ്പ് ഇറക്കി വയ്പ്പിക്കുകയും, കുത്തുവിളക്ക് പിടിച്ച കഴകക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തതിനാല്‍ പ്രധാനപ്പെട്ട മഠത്തില്‍ വരവ് പോലുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. വെടിക്കെട്ട് നടത്തിപ്പുകാരില്‍ നിന്ന് താക്കോല്‍ പോലീസ് പിടിച്ചെടുത്തു കമ്പപ്പുര പൂട്ടി കൊണ്ടുപോയി. ഇതു കാരണം നേരം പുലരുന്നതിനു മുമ്പ് നടത്തേണ്ട വെടിക്കെട്ട് നേരം പുലര്‍ന്നതിനുശേഷം ചടങ്ങുകളില്‍ നിന്നു മാറ്റി നടത്തേണ്ടി വന്നു. പോലീസ് കാരണം പൂരം തടസപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരിക്കുന്ന സര്‍ക്കാരിന് എങ്ങനെ ഒഴിഞ്ഞു മാറാന്‍ കഴിയും? മതത്തിനും ദേശത്തിനും അതീതമായ തൃശൂര്‍ പൂരമഹോത്സവം എങ്ങനെ നടത്തണമെന്ന അറിവും അനുഭവവുമുള്ളവരാണ് പോലീസിലുള്ളത്. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പോലീസ് പെരുമാറിയത്. ശബരിമലയിലും, തൃശൂര്‍ പൂരത്തിലും വര്‍ദ്ധിച്ചു വരുന്ന ഭക്തജന സാന്നിധ്യം കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്തവരാണ് തങ്ങളെന്ന് കേരളം ഭരിക്കുന്നവര്‍ തെളിയിച്ചു കഴിഞ്ഞു.
വിവാദ എഡിജിപിയുടെ തന്നെ റിപ്പോര്‍ട്ടില്‍ പൂരം കലക്കിയത് ആസൂത്രിതമാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടതെന്നതാണു വിചിത്രം. സിപിഐ അംഗങ്ങളോടൊപ്പം സിപിഎം മന്ത്രി വി.എന്‍. വാസവനും, കടകംപള്ളി സുരേന്ദ്രനും പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സൂചന നല്കിയെങ്കില്, സിപിഎമ്മിന്റെ തന്നെ തൃശൂരുകാരനായ മൊയ്തീന് യാതൊരു പൂരം കലക്കലുമുണ്ടായിട്ടില്ലെന്ന നിലപാടാന് സ്വീകരിച്ചത്. പൂരം നടത്തിപ്പില്‍ എഡിജിപിയുടെ വീഴ്ച്ച, ഗൂഢാലോചന, വിവിധ ഉദ്യോഗസ്ഥരുടെ വീഴ്ച്ച എന്നിവയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ത്രിതല അന്വേഷണം വിചിത്രമാണ്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറുമല്ല. സര്‍ക്കാരിന്റെ അന്വേഷണം ഹിന്ദു സമൂഹത്തിന്റെ ആശങ്ക അകറ്റാനല്ല, സര്‍ക്കാര്‍ ചെന്നു വീണ വെട്ടില്‍ നിന്ന് കരകയറാന്‍ മാത്രമാണ്. അന്വേഷണം തുടങ്ങിയിട്ടു അഞ്ചു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ല. പൂരം കലക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു.
പൂരം കലക്കിയത് പിണറായിയുടെ പോലീസ് തന്നെയാണെങ്കിലും, സുരേഷ് ഗോപി ഉടന്‍ തന്നെ സ്ഥലത്തെത്തിയതാണ് തിരുവഞ്ചൂരിനെ ക്ഷുഭിതനാക്കിയത്. പ്രശ്നത്തില്‍ ഇടപെടാന്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളും നേതാക്കളും മടിച്ചു നിന്നപ്പോള്‍ സുരേഷ് ഗോപി സ്ഥലത്തെത്തി ഹീറോയായതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? കമ്യൂണിസ്റ്റ് മന്ത്രിമാര്‍ എന്തുകൊണ്ട് സ്ഥലത്തെത്തിയില്ലെന്ന് ചോദിച്ച തിരുവഞ്ചൂര്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നേതാക്കന്മാരും എവിടെയായിരുന്നു എന്ന് കൂടി വിശദീകരിക്കണമായിരുന്നു. എന്തുകൊണ്ട് എല്‍ഡിഎഫുകാരും, യുഡിഎഫുകാരും ക്ഷേത്രകാര്യത്തില്‍ ഭക്തജനങ്ങള്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ ഒപ്പം നില്ക്കാന് മടിച്ചു? ആര്‍ക്കെതിരെയും അപകീര്‍ത്തികരമായി പ്രസ്താവനയിറക്കാന്‍ അസംബ്ലിയെ മറയാക്കാമോ എന്നത് ഒരു നിയമ പ്രശ്നമാണ്. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെ പരിരക്ഷ സമ്പൂര്‍ണമാണെന്ന മുമ്പുള്ള തീരുമാനത്തില്‍ നിന്ന് പ്രകടമായ മാറ്റം 2024 മാര്‍ച്ചില്‍ സീത സോറന് കേസില്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ ഭാഗത്തു നിന്നുണ്ടായി. 1991ല്‍ നരസിംഹറാവു സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള വോട്ടെടുപ്പില്‍ ജെ.എം.എം പാര്‍ട്ടിയുടെ അജിത് സിംഗ് എതിര്‍ത്തു വോട്ട് ചെയ്യാന്‍ വേണ്ടി കോഴ വാങ്ങിയെന്ന കേസിലാണ് പാര്‍ലമെന്റ് നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എം.പി.മാര്‍ കോഴ വാങ്ങുന്നത് തടയാന്‍ ഭരണഘടന കോടതിയെ അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് 1998 ല്‍ വിധി പ്രസ്താവിച്ചത്.
ആ വിധിയാണ് സീത സോറന് കേസില്‍ സുപ്രീം കോടതി റദ്ദാക്കിയത്. നാട്ടിലെ നിയമങ്ങളെ, പ്രത്യേകിച്ച് ക്രിമിനല്‍ നിയമങ്ങളെ മറികടക്കാന്‍ അസംബ്ലിയിലെ അവകാശങ്ങള്‍ എംഎല്‍എമാര്‍ മറയാക്കരുതെന്ന് 2021ലും കേരളത്തില്‍ നിന്നുള്ള കെ.അജിത് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായ യാതൊരു അവകാശവും ജനപ്രതിനിധികള്‍ അവകാശപ്പെടരുതെന്ന് കോടതി പറഞ്ഞു. ”എന്തും പറയാനുള്ള സ്വാതന്ത്ര്യം” എന്ന കാര്യത്തില്‍ നിയമ വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2023ല്‍ എം.എസ്.എം. ശര്‍മ കേസില്‍ എംഎല്‍എമാരുടെ ”എന്തും പറയാനുള്ള അവകാശം” അസംബ്ലി നടപടികള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അത് പറയേണ്ട ആവശ്യവും, സഭയുടെ നടപടിയുടെ ഭാഗമായിട്ടാണെന്നതും ബന്ധപ്പെട്ട ജനപ്രതിനിധി തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
പൂരം തടസപ്പെട്ടപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ മൗനം ശ്രദ്ധേയമായിരുന്നു. പിന്നീട് പൊതുജന വികാരം ഉയര്‍ന്നപ്പോള്‍ തൃശൂര്‍ പൂരം നടത്തിപ്പില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന് നേരിട്ടു പങ്കില്ലെങ്കിലും പൂരം എക്സിബിഷനുള്ള വടക്കുംനാഥ ക്ഷേത്രമൈതാനത്തിന്റെ വാടക 39 ലക്ഷം രൂപയില്‍നിന്ന് 2.40 കോടി രൂപയായി മുമ്പെങ്ങുമില്ലാത്ത രീതിയില്‍ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കാണിച്ച വ്യഗ്രത പൂരം തടസപ്പെട്ടപ്പോള്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് കണ്ടില്ല. ക്ഷേത്ര വിശ്വാസം ഇല്ലാത്ത കമ്യൂണിസ്റ്റുകാരുടെ താവളങ്ങളാണല്ലോ ദേവസ്വം ബോര്‍ഡുകള്‍. സിപിഐയുടെ തൃശൂര്‍ എംഎല്‍എ പരസ്യമായി ഹിന്ദു വിശ്വാസത്തെ പരിഹസിച്ച് ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അധിക്ഷേപിച്ചു പോസ്റ്റിട്ടു. പ്രശ്നം വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറഞ്ഞു തടിതപ്പി. ശബരിമലയിലെ പവിത്രത തകര്‍ക്കാന്‍ കൂട്ടുനിന്ന ചരിത്രമുള്ള സര്‍ക്കാരാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനവും വിവാദത്തിലാണ്. ഹിന്ദുക്കളുടെ ശബരിമല, തൃശൂര്‍ പൂരം പോലുള്ളവയില്‍ പോലീസിന്റെ വിവാദ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ക്ഷേത്ര ഉത്സവങ്ങളും, മേല്‍നോട്ടവും എങ്ങനെയാകുമെന്ന കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് ആശങ്കയുണ്ട്. നിരീശ്വരവാദികളും, ക്ഷേത്ര ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസം ഇല്ലാത്തവരും, ക്ഷേത്ര ആചാരങ്ങളെയും വിശ്വാസങ്ങളെയും എതിര്ക്കുന്നവരുമായവരുടെ സര്‍ക്കാരില്‍നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാന്‍.
(ബിഎംഎസ് മുന്‍ ദേശീയ അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: