സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും ധാര്‍ഷ്ട്യത്തിനും കാടത്തത്തിനും ഒരു ഇരകൂടി ഉണ്ടായിരിക്കുന്നു. കണ്ണൂരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ സംഭവം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിന്റെ ആത്മഹത്യ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ഒപ്പം ചില ഉത്തരങ്ങള്‍ നല്‍കുന്നുമുണ്ട്. കണ്ണൂര്‍ കളക്ടറേറ്റില്‍ അദ്ദേഹത്തിനു നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ, സിപിഎംകാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗത്തിലെ കടുത്ത അധിക്ഷേപങ്ങളാണ്, എഡിഎം ജീവനൊടുക്കാന്‍ കാരണം എന്നാണ് ആരോപണം. ഒരാള്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, അത് നിയമപരമായ മാര്‍ഗത്തിലായിരിക്കണം. അതിന് രാജ്യത്ത് സംവിധാനങ്ങളുണ്ട്. സിപിഎം അല്ല ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും.
നേരിട്ട് വിചാരണ നടത്തുകയും ശിക്ഷ നടപ്പാക്കുകയും ചെയ്ത ചരിത്രമുള്ള പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്ക് സ്വന്തം പോലീസും കോടതിയും നിയമ സംവിധാനവുമുണ്ടെന്ന് മുമ്പൊരു ഉന്നത നേതാവ് സമ്മതിക്കുകയും ചെയ്തതാണല്ലോ. ഭരണത്തിന്റെ തണലില്‍ നിയമ വ്യവസ്ഥ കയ്യാളുന്ന ശൈലി ‘ഛോട്ടാ’ നേതാക്കളും അണികളും ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് കണ്ണൂര്‍ സംഭവം. സിപിഎമ്മിന്റെ സമീപകാലത്തെ നിലവിട്ട പോക്കിന്റെ പുത്തന്‍ ഉദാഹരണമായും ഇതിനെ കാണാം. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കാതെ പുലമ്പുന്നത് അലങ്കാരമായി കാണുന്നവരുടെ എണ്ണം ആ പാര്‍ട്ടിയില്‍ ഏറിവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് നിലവിട്ട പരാമര്‍ശം നടത്തിയ വ്യക്തിയാണ് ഈ സംഭവത്തിലെയും പ്രതിനായിക. അതിനൊക്കെ കയ്യടിക്കാന്‍ പാര്‍ട്ടിക്കാര്‍ ഉണ്ടായേക്കാം. പക്ഷെ, നിയമ സംവിധാനം ന്യായത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും പക്ഷത്തു തന്നെ നില്‍ക്കും.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം ഗോപിനാഥിന്റെ ബന്ധു ടി.വി. പ്രശാന്തന് ബിപിസിഎല്ലിന്റെ ഔട്ട്ലറ്റ് തുടങ്ങാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാത്തതിനാല്‍ എന്‍ഒസി നല്‍കാന്‍ എഡിഎം നവീന്‍ ബാബു തയ്യാറായില്ലത്രെ. തുടര്‍ന്നാണ് ദിവ്യ വിളിച്ച് പാര്‍ട്ടിയുടെ തീരുമാനം ആണെന്ന രീതിയില്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചതെന്നാണ് ആരോപണം. സിപിഎം ഉദ്യോഗസ്ഥ സംഘടനയില്‍ അംഗമായ നവീന്‍ ബാബു വിരമിക്കാന്‍ ഏഴ് മാസം മാത്രം അവശേഷിക്കേയാണ് ഈ അപമാനവും ആത്മഹത്യയും.
അന്തരിച്ച എഡിഎം തെറ്റുകാരനാണെങ്കില്‍ നിയമം അതിന്റെ കര്‍ത്തവ്യം നിറവേറ്റും. അല്ലെങ്കില്‍, സത്യസന്ധനായൊരു ഉദ്യോഗസ്ഥനെ മാനസിക പീഡനത്തിലൂടെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഈ വനിതാ നേതാവ്, മറുപടി പറയേണ്ടിവരും. എഡിഎമ്മിനെ വിളിച്ച് ശിപാര്‍ശ ചെയ്തതായി അവര്‍ തന്നെ സമ്മതിച്ചതാണല്ലോ. അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന് പറഞ്ഞ റവന്യു മന്ത്രിയുടെ വാക്ക് തത്കാലം വിശ്വസിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: