സാംസ്കാരിക അപചയത്തിന്റെ പ്രശ്നത്തില്‍, പ്രധാനമായും സംസ്കാരം പകര്‍ന്നു നല്കുന്ന മൂന്നിടങ്ങളിലാണ് സംസ്കൃതിയുടെ പുനരുജ്ജീവനവും സംരക്ഷണവും സക്ഷമതയും ഉറപ്പാക്കേണ്ടത്. പട്ടിണി മാറ്റുന്നതിനുള്ള അറിവിനൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനുള്ള വഴിയും വിദ്യാഭ്യാസ പദ്ധതി ഒരുക്കുന്നു. രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു സുഭാഷിതമുണ്ട്,
”മാതൃവത് പരദാരേഷു
പരദ്രവ്യേഷു ലോഷ്ഠവത്,.
ആത്മവത് സര്‍വ ഭൂതേഷു
യഃ പശ്യതി സഃ പണ്ഡിതഃ”
സ്ത്രീകളെ അമ്മയായി കണക്കാക്കുക, മറ്റുള്ളവരുടെ സമ്പത്ത് വെറും മണ്ണെന്ന് കണ്ട് കഠിനാധ്വാനത്തിലൂടെ, നേര്‍വഴിയിലൂടെ പണം സമ്പാദിക്കുക, നേര്‍വഴിയില്‍ സമ്പാദിക്കുക, എല്ലാവരെയും സ്വന്തമെന്ന് കരുതി മറ്റുള്ളവര്‍ക്ക് വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നതൊന്നും ചെയ്യാതിരിക്കുക, ഈ സ്വഭാവമുള്ളവനെ പണ്ഡിതനായി കണക്കാക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഇത്തരത്തിലുള്ള മൂല്യങ്ങളും അതിനനുസരിച്ചുള്ള പാഠ്യപദ്ധതിയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക തലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള അദ്ധ്യാപകര്‍ ഇതിന് ഉദാഹരണമായി വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതെ ഈ വിദ്യാഭ്യാസം ഫലപ്രദമാകില്ല. അതിനാല്‍ അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ സംവിധാനം ഉണ്ടാക്കണം. രണ്ടാമത്തെ സ്ഥാനം സാമാജിക അന്തരീക്ഷമാണ്. ജനങ്ങളുടെ ഇഷ്ടപാത്രങ്ങളായ പ്രമുഖവ്യക്തികളുടെ പെരുമാറ്റത്തില്‍ ഈ സംസ്കാരം പ്രകടമാകണം. ജനപ്രീതി കാരണം നിരവധി ആളുകള്‍ അവരെ അനുകരിക്കും. ഈ ജനപ്രിയവ്യക്തികളുടെ സ്വാധീനത്തില്‍ സമൂഹത്തില്‍ നടക്കുന്ന വിവിധ ജ്ഞാനോദയ പ്രവര്‍ത്തനങ്ങളിലൂടെ ഈ മൂല്യങ്ങളുടെ വിദ്യാഭ്യാസം നടത്തണം. സോഷ്യല്‍ മീഡിയ സമാജത്തെ തകര്‍ക്കുന്നതിനല്ല, സംയോജിപ്പിക്കുന്നതിനുള്ളതാണ്, സംസ്കാരഹീനമാക്കാനല്ല, സംസ്കാര സമ്പന്നമാക്കാനുള്ളതാണ് എന്ന കാര്യം അത് ഉപയോഗിക്കുന്ന എല്ലാ സജ്ജനങ്ങളും ശ്രദ്ധിക്കണം.
എന്നാല്‍ വിദ്യാഭ്യാസവും അതിന്റെ ഫലമായ സ്വഭാവരൂപീകരണവും ആരംഭിക്കുന്നത് മൂന്ന് മുതല്‍ 12 വരെ പ്രായമുള്ള സമയത്ത് വീട്ടിനുള്ളില്‍ നിന്നാണ്. വീട്ടിലെ മുതിര്‍ന്നവരുടെ പെരുമാറ്റം, ചുറ്റുപാടുകള്‍, സംഭാഷണങ്ങള്‍ എന്നിവയിലൂടെയാണ് ഈ വിദ്യാഭ്യാസം സാധ്യമാകുന്നത്. നമ്മളോരോരുത്തരും, വീടിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഭാഷണം സ്വാഭാവികമായി നടക്കുന്നില്ലെങ്കില്‍ ആഴ്ച തോറും ബോധപൂര്‍വമായിത്തന്നെ അത് ആരംഭിക്കേണ്ടിവരും. തനിമയിലുള്ള അഭിമാനം, രാജ്യസ്നേഹം, ധാര്‍മികത, നീതിബോധം, കടമ തുടങ്ങി നിരവധി ഗുണങ്ങള്‍ ഈ പ്രായത്തില്‍ വികസിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് സ്വന്തം വീട്ടില്‍ നിന്നുതന്നെ ഈ കാര്യം തുടങ്ങേണ്ടി വരും.
പൗരബോധം
സംസ്കാരം ദൃശ്യമാകുന്ന മറ്റൊരു വശം നമ്മുടെ സാമൂഹിക പെരുമാറ്റത്തിലാണ്. സമൂഹത്തില്‍ നമ്മള് ഒരുമിച്ചാണ് ജീവിക്കുന്നത്. നമുക്ക് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് ചില നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. നാടിന്റെയും കാലത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് അവയും മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ നമുക്ക് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയണമെങ്കില്‍, ആ നിയമങ്ങള്‍ ആദരവോടെ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒരുമിച്ച് ജീവിക്കുമ്പോള്‍, പരസ്പരമുള്ള പെരുമാറ്റത്തില്‍ ചില കടമകളും അച്ചടക്കങ്ങളും വളര്‍ത്തിയെടുക്കുന്നു. നിയമവും ഭരണഘടനയും അത്തരത്തിലുള്ള ഒരു സാമൂഹിക അച്ചടക്കമാണ്. സമൂഹത്തില്‍ എല്ലാവരും സന്തോഷത്തോടെ, ഒരുമിച്ചു ജീവിക്കണം, മുന്നോട്ടുപോകണം, ചിതറിപ്പോകരുത്, അതിനുവേണ്ടി നിര്‍മിക്കപ്പെട്ട നിയമവും നിര്‍വഹണസംവിധാനവും നിലവിലുണ്ട്. നമ്മള് ഭാരതത്തിലെ ജനങ്ങള്‍ നമ്മുടെ സ്വന്തം ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരായിരിക്കും. ഭരണഘടനയുടെ ഈ ആമുഖ വാചകത്തിന്റെ ആത്മാവ് മനസിലുറപ്പിച്ച് ഭരണഘടനയും നിയമവും നിര്‍ദേശിക്കുന്ന കര്‍ത്തവ്യങ്ങള്‍ സമര്‍ത്ഥമായ രീതിയില്‍ എല്ലാവരും നിര്‍വഹിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഈ നിയമവും വ്യവസ്ഥയും പാലിക്കണം. താമസത്തിന് നിയമങ്ങളുണ്ട്, വിവിധ തരത്തിലുള്ള നികുതികള്‍ കൃത്യസമയത്ത് അടയ്ക്കേണ്ടതുണ്ട്, വ്യക്തിപരവും സാമൂഹികവുമായ സാമ്പത്തിക കാര്യങ്ങളില്‍ പാലിക്കേണ്ട ശുദ്ധിയും സുതാര്യതയും അച്ചടക്കവുമുണ്ട്. അത്തരം നിരവധി നിയമങ്ങള്‍ കര്‍ത്തവ്യഭാവത്തോടെ പൂര്‍ണമായി പാലിക്കണം.
ഒരിക്കല്‍ ദീനദയാല്‍ജി അദ്ദേഹത്തിന്റെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോ കേള്‍ക്കുകയായിരുന്നു. ഒരു സമയമെത്തിയപ്പോള്‍ അദ്ദേഹം തന്റെ റേഡിയോ ഓഫ് ചെയ്ത് സഹയാത്രികന്റെ റേഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കാരണം ആരാഞ്ഞ അദ്ദേഹത്തോട് ദീനദയാല്‍ജി പറഞ്ഞത്, ലൈസന്‍സ് കാലാവധി അവസാനിച്ചു എന്നാണ്. റേഡിയോ ഉപയോഗിക്കുന്നതിന് ലൈസന്‍സ് വേണ്ട കാലമായിരുന്നു അത്. മറ്റൊരിക്കല്‍ വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന സ്ത്രീയുടെ പക്കല്‍ നിന്ന് സാധനം വാങ്ങിയിട്ട് പണം നല്കി മടങ്ങവേ കൊടുത്ത പണത്തില്‍ ഒരു നാണയം എടുക്കാത്തതാണെന്ന് മനസിലാക്കി അദ്ദേഹം തിരികെ പോയി പകരം പണം നല്കിയ അനുഭവവുമുണ്ട്. നിയമങ്ങളും ചട്ടങ്ങളും അക്ഷരത്തിലും ആത്മാവിലും പാലിക്കണമെന്നതിന്റെ തെളിവുകളാണീ ഉദാഹരണങ്ങള്‍. ഇത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിന് നമ്മുടെ ഭരണഘടനയുടെ നാല് അധ്യായങ്ങളായ ഭരണഘടനയുടെ ആമുഖം, മാര്‍ഗദര്‍ശക തത്വങ്ങള്‍, പൗരന്റെ കടമകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ച് എല്ലായിടത്തും ബോധവത്കരണം നടക്കണം. കുടുംബത്തില്‍ നിന്ന് ആര്‍ജ്ജിച്ച പെരുമാറ്റത്തിന്റെ അച്ചടക്കം, സൗമനസ്യത്തോടെയുള്ള ഇടപെടല്‍, സദ്ഭാവന, സാമൂഹികമായ പെരുമാറ്റത്തിലെ രാജ്യസ്നേഹം, സാമാജിക ഇഴയടുപ്പം, നിയമവും ഭരണഘടനയും കുറ്റമറ്റ രീതിയില്‍ പാലിക്കല്‍… ഇവയെല്ലാം ചേരുന്നതാണ് ഒരാളുടെ വ്യക്തിപരവും ദേശീയവുമായ സ്വഭാവം. രാജ്യത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത, വികസനം എന്നിവ ഉറപ്പാക്കുന്നതിന്, സ്വഭാവത്തിന്റെ ഈ രണ്ട് വശങ്ങളും കുറ്റമറ്റതും പൂര്‍ണവുമായിരിക്കേണ്ടത് പ്രധാനമാണ്. വ്യക്തിപരവും ദേശീയവുമായ ഈ പെരുമാറ്റത്തില്‍ നാമെല്ലാവരും ജാഗ്രത പാലിക്കുകയും തുടരുകയും വേണം.
നാളെ: സ്വത്വത്തില്‍ അഭിമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: