സേലം ; ഭൂമി തർക്കത്തെ തുടർന്ന് സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ വെട്ടിക്കൊലപ്പെടുത്തി. സേലം ജില്ലയിലെ പനമരത്തുപട്ടിക്ക് സമീപമുള്ള തുമ്മൽ പട്ടി ഗ്രാമത്തിലാണ് സംഭവം . രാജയുടെ മകൾ 17 വയസ്സുള്ള നവീന, 15 വയസ്സുള്ള മകൻ സുഗൻ എന്നിവരാണ് കൊല്ലപ്പെട്ടത് . കുള്ളപ്പ നായ്‌ക്കനൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നവീന . പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സുഗൻ .മക്കൾക്ക് വെട്ടേൽക്കുന്നത് തടയാൻ ശ്രമിച്ച രാജയ്‌ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ബന്ധുവായ ധനശേഖരുമായി രാജയ്‌ക്ക് ഭൂമി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. നവീനയും സുഗനും ഇന്നലെ രാവിലെ പതിവുപോലെ വൈകുന്നേരം അച്ഛൻ രാജയ്‌ക്കൊപ്പം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ ഒരുവങ്കരാട് ഭാഗത്ത് വെച്ച് ഇവരെ തടഞ്ഞുനിർത്തിയ ധനശേഖർ അരിവാളുകൊണ്ട് വെട്ടുകയായിരുന്നു . ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രാജയ്‌ക്കും വെട്ടേറ്റു.
ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ പനമരത്തുപട്ടി പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സുഗന്റെയും നവീനയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി . പരിക്കേറ്റ രാജ ആശുപത്രിയിൽ തീവ്ര ചികിത്സയിലാണ്. ഒളിവിൽ പോയ ധനശേഖറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: