കോഴിക്കോട്:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ക്കായി എന്‍ഡിഎ തയാറായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ഒരോ മണ്ഡലത്തിലും മൂന്നുപേരുടെ വീതം പേരുകളാണ് ഉളളത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കും. എന്‍ഡിഎ യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുകയാണെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
പാലക്കാടും ചേലക്കരയിലും എന്‍ഡിഎ വിജയിക്കും. ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനമാകും ഈ ഉപതെരഞ്ഞെടുപ്പില്‍ കാണാനാകുക. സ്ഥാനാര്‍ഥി തര്‍ക്കം കേരളത്തില്‍ ഇല്ലെന്നും പാലക്കാട് വോട്ടു മറിക്കല്‍ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്കയെന്നും കെ സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന നേതൃത്വം നല്കിയ പട്ടികയ്ക്ക് പുറത്തു നിന്നും സ്ഥാനാര്‍ഥി വരാമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കുറ്റപ്പെടുത്തിയും കെ സുരേന്ദ്രന് രംഗത്തെത്തി.വളവില്‍ പെട്രോള്‍ പമ്പിനു അനുമതി നല്‍കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പിപി ദിവ്യയുടെ കുടുംബത്തിന്റെ ബിനാമിക്കു വേണ്ടിയാണോ പെട്രോള്‍ പമ്പ് എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രന് പ്രതികരിച്ചു.എഡിഎം കോഴ വാങ്ങി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ നിലവില്‍ വകുപ്പില്ല.ധിക്കാരത്തിന്റെ ആള്‍രൂപം ആണ് പി.പി. ദിവ്യയെന്നും മനപ്പൂര്‍വം തേജോവധം ചെയ്യാന്‍ ആണ് പി പി ദിവ്യ വിളിച്ചില്ലെങ്കിലും എ ഡി എം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് പരിപാടിക്ക് പോയതെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കം ഉള്‍പ്പെടെ ആരംഭിക്കാനായി വയനാട് ബിജെപി ജില്ലാ നേതൃ യോഗം ഈ മാസം 17ന് ചേരും. ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരനായ എം ടി രമേശ് പങ്കെടുക്കും.ബിജെപിയുടെ ജില്ലയിലെ ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: