മുംബൈ: എൻസിപി നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ ബഹ്റൈച്ച് സ്വദേശി ഹരീഷ്കുമാർ ബാലക്രം ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മഹാരാഷ്‌ട്രയിലെ പൂനെയിൽ സ്ക്രാപ്പ് ഡീലറായി ജോലി ചെയ്യുകയായിരുന്നു ബാലക്രം. സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. ബഹ്‌റൈച്ചിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. വെടിവയ്‌പ്പ് നടത്തിയവരെന്ന് ആരോപിക്കപ്പെടുന്ന ഹരിയാന സ്വദേശിയായ ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശ് സ്വദേശി ധർമ്മരാജ് രാജേഷ് കശ്യപ് (19), ഗൂഢാലോചന നടത്തിയ പ്രവീൺ ലോങ്കറെയും പൂനെയിൽ നിന്ന് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബഹ്‌റൈച്ച് സ്വദേശിയായ മറ്റൊരു പ്രതി ശിവകുമാർ ഗൗതം ഒളിവിലാണ്. ബാബ സിദ്ദിഖിയെ മുംബൈയിലെ നിർമൽ നഗർ ഏരിയയിൽ അദ്ദേഹത്തിന്റെ മകൻ സീഷാൻ സിദ്ദിഖിയുടെ എംഎൽഎ ഓഫീസിന് പുറത്ത് ശനിയാഴ്ച രാത്രി മൂന്ന് പേർ ചേർന്ന് വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: