ന്യൂഡല്‍ഹി: ഇന്ത്യൻ പ്രതിരോധ സേനയ്‌ക്കായി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള 32,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും യുഎസും ഇന്ന് ഒപ്പുവെക്കും.
പദ്ധതിക്ക് കഴിഞ്ഞയാഴ്ച സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അനുമതി നൽകിയിരുന്നു. പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനും ഇന്ത്യയിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സൗകര്യം സ്ഥാപിക്കുന്നതിനുമായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിടുന്നത്. 31 ഡ്രോണുകളിൽ 15 എണ്ണം ഇന്ത്യൻ നാവികസേനയ്‌ക്ക് നൽകും. ശേഷിക്കുന്നവ തുല്യമായി വിഭജിച്ച് വ്യോമസേനയ്‌ക്കും കരസേനയ്‌ക്കും നൽകും.
ദീർഘകാലത്തെ ചർച്ചകൾക്ക് ഒടുവിലാണ് കരാറിന് അന്തിമ രൂപമായത്. കരാർ ഒപ്പിടുന്നതിനായി സൈനിക, കോർപ്പറേറ്റ് പ്രതിനിധികൾ അടങ്ങുന്ന അമേരിക്കൻ പ്രതിനിധി സംഘം ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി, നാവിക സംവിധാനങ്ങളുടെ അക്വിസിഷൻ മാനേജർ എന്നിവരുൾപ്പെടെ ഉന്നത ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
വർഷങ്ങളായി ഇന്ത്യ യുഎസുമായി കരാർ ചർച്ച ചെയ്യുന്നുണ്ടെങ്കിലും അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് ഇതിന്റെ തടസ്സങ്ങൾ പൂർണമായും നീങ്ങിയത്. യുഎസ് നിർദ്ദേശത്തിന്റെ സാധുത ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കെയാണ് കരാർ ഒപ്പിടുന്നത്. ചെന്നൈയ്‌ക്കടുത്തുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്പൂർ എന്നിവയുൾപ്പെടെ സാധ്യമായ നാല് സ്ഥലങ്ങളിലാണ് ഇന്ത്യ ഡ്രോണുകൾ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: