മദ്രസകളെ സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മിഷന് നല്കിയ ശിപാര്‍ശ വിവാദമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചിലര്‍. മദ്രസകള്‍ പൂട്ടുന്നു, ഖുറാന് പഠനം തടയുന്നു എന്ന തരത്തിലാണ് പ്രചാരണം. മുസ്ലിം വിരുദ്ധം എന്ന പ്രചാരണവുമായി കേന്ദ്ര സര്‍ക്കാരിനേയും നരേന്ദ്രമോദിയേയും ആക്ഷേപിക്കാന്‍ ചില മുസ്ലിം സംഘടനകളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളും തെരുവിലിറങ്ങിക്കഴിഞ്ഞു. സി.എ.എ നിയമം വന്നപ്പോള്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ മുസ്ലിംങ്ങളെ പാകിസ്ഥാനിലേക്ക് ഓടിക്കുമെന്ന് പറഞ്ഞ് അസ്വസ്ഥത വിതച്ചവരെല്ലാം വീണ്ടും അണിചേരുന്നു.
യാഥാര്‍ത്ഥത്തില്‍ മദ്രസാ രംഗത്ത് കാലാനുസൃത മാറ്റമുണ്ടാക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ് കേന്ദ്ര ബാലാവകാശ കമ്മിഷന് മുന്നോട്ടു വച്ചിട്ടുള്ളത്. 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമവും അടിവരയിട്ടു പറയുന്നുണ്ട്. പക്ഷേ, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശത്തിന്റെ പേരുപറഞ്ഞ് മദ്രസകളിലെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ്, മദ്രസകളിലെ എല്ലാ വിദ്യാര്‍ഥികളെയും പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കണം എന്ന് കമ്മിഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 14 വയസ്സാവും വരെ, ചുരുങ്ങിയത് നാലുമണിക്കൂറെങ്കിലും ഔപചാരിക വിദ്യാഭ്യാസം നല്‍കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനര്‍ത്ഥം മതപഠനം പാടില്ല എന്നല്ല. കേരളത്തിലെ അവസ്ഥയല്ല മറ്റ് സംസ്ഥാനങ്ങളിലെ മദ്രസകളുടേത്. അവിടെ രാവിലെ മുതല്‍ രാത്രി വരെ കുട്ടികള്‍ മദ്രസയിലാണ്. പൊതുവിദ്യാഭ്യാസം അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. പാകിസ്ഥാനിലെ സിലബസ് പഠിപ്പിക്കുന്ന മദ്രസകളുണ്ട്. മദ്രസാ വിദ്യാര്‍ത്ഥികള്‍ വസ്ത്രം ധരിക്കുന്നതു പോലും പ്രത്യേകരീതിയിലാണ്. അള്ളാഹുവിനെ വിശ്വസിക്കാത്തവരെല്ലാം കാഫിറുകളാണെന്ന് പഠിപ്പിക്കുന്ന മദ്രസകളുണ്ട്. ഇതിനൊക്കെ മാറ്റം വരുത്തണമെന്ന് സച്ചാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്.
മദ്രസകളെ വിദ്യാഭ്യാസാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അതിന്റെ മറവില്‍ ഗുണമേന്മയുള്ള ഔപചാരിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു. ഇത്തരം കുട്ടികളുടെ എണ്ണം ലക്ഷങ്ങളാണ്. ബാലാവകാശ ലംഘനങ്ങള്‍, സുരക്ഷാ പ്രശ്നം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയൊന്നും പരിശോധിക്കാന്‍ മദ്രസകളില്‍ സംവിധാനം പോലുമില്ല. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുമില്ല. യോഗ്യതയുള്ള അധ്യാപകരല്ല പഠിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശനിയമം എല്ലാ സംസ്ഥാനങ്ങളും പാലിക്കണം എന്നാണ് കമ്മിഷന്റെ ശുപാര്‍ശ.
വിദ്യാഭ്യാസ അവകാശനിയമം പാലിക്കാത്ത മദ്രസകള്‍ക്കും മദ്രസാ ബോര്‍ഡുകള്‍ക്കും ഉള്ള ധനസഹായം നിര്‍ത്തണമെന്ന ശിപാര്‍ശയെയാണ് അടച്ചുപൂട്ടലായി വ്യാഖ്യാനിക്കുന്നത്. രാജ്യത്ത് 19,965 മദ്രസകള്‍ അംഗീകാരത്തോടെയും 4037 മദ്രസകള്‍ അംഗീകാരമില്ലാതെയും പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. 1.2 കോടി കുട്ടികളാണ് മദ്രസകളില്‍ മാത്രം പഠനത്തിനു പോകുന്നത്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ വിവരം നല്കാത്തതിനാല്, യഥാര്‍ഥ സംഖ്യ ഇതിലും കൂടും.
കേരളത്തിലെ മദ്രസാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നതല്ല ഈ ശിപാര്‍ശ. ഇവിടെ മദ്രസാ പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. രാവിലെ ഒരു മണിക്കൂര്‍ മദ്രസയിലും ബാക്കി സമയം സ്കൂളുകളിലും കോളജുകളിലും പോകുന്ന രീതിയാണിവിടെ. അതുകൊണ്ടാണ് ഇവിടെ മുസ്ലീംങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗമിച്ചതും. ദേശീയ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് മദ്രസയ്ക്കും മുസ്ലിങ്ങള്‍ക്കും എതിരല്ല. മറിച്ച്, കുട്ടികളെ വിദ്യാഭ്യാസത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന സ്വാര്ഥതാത്പര്യക്കാര്ക്കെതിരാണ്. പണക്കാരുടെ മക്കള്‍ ഡോക്ടറും എന്‍ജിനിയറും മറ്റും ആകുമ്പോള്‍ പാവങ്ങളുടെ മക്കള്‍ മദ്രസകളില്മാത്രം പഠിച്ച് ഇതിനൊന്നും കഴിയാതെ ജീവിക്കേണ്ടിവരുന്നു. പൊതുവിദ്യാഭ്യാസം എല്ലാവര്ക്കും ലഭിച്ചെങ്കില്‍ മാത്രമേ രാജ്യപുരോഗതി യാഥാര്‍ഥ്യമാകൂ. ദേശീയ ബാലാവകാശ കമ്മിഷന് ശിപാര്‍ശയെ ആ നിലയ്ക്കേ കാണാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: