തിരുവനന്തപുരം: ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയിട്ടും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഉജ്ജ്വല വിജയത്തുടക്കം. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരളം പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.
രണ്ടാം ഇന്നിങ്സില്‍ 158 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 36 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 56 റണ്‍സെടുത്ത നായകന് സച്ചിന് ബേബിയുടെയും 48 റണ്‍സെടുത്ത രോഹന് കുന്നുമ്മലിന്റെയും പുറത്താകാതെ 39 റണ്‍സെടുത്ത ബാബാ അപരാജിത്തിന്റെയും മികച്ച ബാറ്റിങ്ങാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ബാബാ അപരാജിതിനൊപ്പം സല്മാന് റിസാര് (6) പുറത്താകാതെ നിന്നു. സ്കോര്‍: പഞ്ചാബ് 194 & 142. കേരളം 179, 158/2.
ആദ്യ ഇന്നിങ്സില്‍ 15 റണ്‍സിന്റെ ലീഡ് നേടിയ പഞ്ചാബ് രണ്ടാം ഇന്നിംഗ്സില്‍ വെറും 142 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം നേടിയ ആദിത്യ സര്‍വാതെ, ബാബാ അപരാജിത് എന്നിവരുടെ മികച്ച ബൗളിങ്ങാണ് രണ്ടാം ഇന്നിങ്സില്‍ പഞ്ചാബിനെ 142 റണ്‍സിലൊതുക്കിയത്. രണ്ട് ഇന്നിംഗ്സിലുമായി സര്‍വാതെ ഒമ്പത് വിക്കറ്റ് വീഴ്ത്തി. സര്‍വാതെയാണ് മത്സരത്തിലെ താരം.
158 റണ്‍സ് ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളം ഏകദിന ശൈലിയിലാണ് തുടങ്ങിയത്. ആദ്യ രണ്ട് ദിവസം കൊണ്ട് 77 ഓവര്‍ മാത്രം എറിയാന്‍ കഴിഞ്ഞതിനാല്‍ രണ്ടാം ഇന്നിങ്സില്‍ മഴ ഭീഷണിയുള്ളതിനാല്‍ രണ്ടും കല്പിച്ചായിരുന്നു കേരളത്തിന്റെ ബാറ്റിങ്. സച്ചിന് ബേബി നിലയുറപ്പിച്ച് കളിച്ചപ്പോള്‍ രോഹന് സ്കോറിങ്ങിന് വേഗം കൂട്ടി. 36 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സ് നേടിയാണ് രോഹന് മടങ്ങുന്നത്. സച്ചിനൊപ്പം 73 റണ്‍സാണ് രോഹന് ഒന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. രോഹനെ മയാങ്ക് മാര്‍ക്കണ്ഡെ സ്വന്തം പന്തില്‍ പിടികൂടി പുറത്താക്കി. പിന്നാലെ അപരാജിതിനെ കൂട്ടുപിടിച്ച് സച്ചിന് കേരളത്തെ വിജയത്തിനടുത്തെത്തിച്ചു. അപരാജിതിനൊപ്പം 75 റണ്‍സ് ചേര്‍ത്താണ് സച്ചിന് മടങ്ങുന്നത്. സച്ചിന് പുറത്തായശേഷം സല്മാന് നിസാറിനെ കൂട്ടുപിടിച്ച് അപരാജിത് കേരളത്തെ വിജയതീരത്തെത്തിച്ചു.
ഇന്നലെ മൂന്ന് വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ് പഞ്ചാബ് കളി തുടങ്ങിയത്. കളി തുടങ്ങി ആറാം ഓവറില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്രിഷ് ഭഗതിനെ ബാബ അപരാജിത് മടക്കി. വൈകാതെ 12 റണ്‍സെടുത്ത നേഹല്‍ വധേരയെയും ബാബ അപരാജിത് തന്നെ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന അന്മോല്പ്രീത് സിങ്ങും പ്രഭ്സിമ്രാന് സിങ്ങും പഞ്ചാബിന് പ്രതീക്ഷ നല്കി. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 51 റണ്‍സെടുത്ത പ്രഭ്സിമ്രാനെ മടക്കി ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. വെറും 21 റണ്‍സിനിടെ പഞ്ചാബിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി വീണതോടെ അവരുടെ ഇന്നിങ്സ് 142 റണ്‍സിലൊതുങ്ങി. ആദിത്യ സര്‍വാതെയും ബാബ അപരാജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റ് ജലജ് സക്സേനയും സ്വന്തമാക്കി.
പുതിയ സീസണ് വിജയത്തോടെ തുടങ്ങാനായത് കേരളത്തിന് ഇനിയുള്ള മത്സരങ്ങളില്‍ ആത്മവിശ്വാസമേകും. കേരളത്തിന് വേണ്ടി ഇറങ്ങിയ മൂന്ന് അതിഥി താരങ്ങളും തിളങ്ങിയതാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ആദിത്യ സര്‍വാതെ രണ്ട് ഇന്നിങ്സുകളിലായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ജലജ് സക്സേന ഏഴ് വിക്കറ്റും സ്വന്തമാക്കി. നാല് വിക്കറ്റിനൊപ്പം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് കൊണ്ടും മികവ് പുറത്തെടുത്ത ബാബ അപരാജിത്തിന്റെ പ്രകടനവും ശ്രദ്ധേയമായി. 18ന് ബംഗളൂരുവില്‍ കര്‍ണ്ണാടകവുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: