താനെ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ തലയ്‌ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലൈറ്റ് ദമ്പതികൾ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വരുൺ രാജ മുചകി എന്ന ഉംഗ (27), റോഷനി വിജയ വാച്ചാമി (24) എന്നിവരാണ് പോലീസിനും സിആർപിഎഫിനും മുമ്പാകെ കീഴടങ്ങിയതായി പോലീസ് സൂപ്രണ്ട് അറിയിച്ചത്.
ഭമ്രഗഢ് എൽഒഎസിലെ കമാൻഡറായിരുന്നു ഉംഗയെന്നും വാച്ചാമി ഭമ്രഗഡ് എൽഒഎസിലെ അംഗമായിരുന്നുവെന്നും സുരക്ഷാ സേന അറിയിച്ചു. ഉംഗയുടെ പേരിൽ 15 കുറ്റകൃത്യങ്ങൾ ഉണ്ടെന്നും അതിൽ 10 എണ്ണം ഏറ്റുമുട്ടലുകളാണെന്നും എട്ട് ലക്ഷം രൂപ തലയ്‌ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൂടാതെ വാച്ചാമിയുടെ പേരിൽ 13 ഏറ്റുമുട്ടലുകളും തലയ്‌ക്ക് രണ്ട് ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചത് ഉൾപ്പെടെ 23 കേസുകളാണ് ഉള്ളത്. കീഴടങ്ങിയ സാഹചര്യത്തിൽ സർക്കാരിന്റെ പുനരധിവാസ നയം അനുസരിച്ച് ദമ്പതികൾക്ക് 11.5 ലക്ഷം രൂപ ലഭിക്കുമെന്നും സേന അറിയിച്ചു.
അതേ സമയം മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് 2022 മുതൽ കുറഞ്ഞത് 27 പ്രധാന നക്സലൈറ്റുകൾ ഗഡ്ചിരോളി പോലീസിന് മുന്നിൽ കീഴടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: