കാസര്‍കോട്: സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്ഐവനിതാ നേതാവിനെതിരെ വീണ്ടും കേസും പരാതിയും.
ദേലംപാടി, ശാന്തിമല ഹൗസിലെ സുചിത്രയുടെ പരാതി പ്രകാരം പുത്തിഗെ,ബാഡൂര്‍ എഎല്‍ പി സ്കൂളിലെ അധ്യാപിക സച്ചിതറൈ (27)യ്ക്കെതിരെ ബദിയഡുക്ക പോലീസാണ് കേസെടുത്തത്. കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലാര്‍ക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 7,31,500 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
ഇതോടെ സച്ചിതാറൈക്കെതിരെ ബദിയഡുക്കയില്‍ മാത്രം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇതിനിടയില്‍ എസ്ബിഐയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 13,11,600 രൂപ കൈക്കലാക്കിയെന്ന് കാണിച്ച് കിദൂരിലെ അശ്വിന്റെ ഭാര്യ കെ.രക്ഷിത കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി പോലീസില്‍ പരാതി നല്കി. രക്ഷിത ഉപ്പിനങ്ങാടി സ്വദേശിനിയാണ്. യുവതിക്ക് അവിടെയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് സച്ചിതയ്ക്ക് പണം അയച്ച് കൊടുത്തത്. അതിനാലാണ് ഉപ്പിനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.
പുത്തിഗെ, ബാഡൂരിലെ മല്ലേഷ്,ബദിയഡുക്ക, ബെള്ളംബെട്ടുവിലെ ശ്വേത എന്നിവരുടെ പരാതി പ്രകാരമുള്ളവയാണ് ബദിയഡുക്കയിലുള്ള മറ്റ് രണ്ടു കേസുകള്‍. കിദൂരിലെ നിഷ്മിത ഷെട്ടിയാണ് തട്ടിപ്പിനെതിരെ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. സിപിസി ആര്ഐജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
ഈസംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കൂടുതല്‍ പേര് പരാതികളുമായി രംഗത്തു വന്നത്. ഇതോടെ സച്ചിതാറൈ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. തട്ടിപ്പ് കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് സച്ചിതയെ സിപിഎം പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: