കരുനാഗപ്പള്ളി: നവരാത്രി ആഘോഷങ്ങള്‍ ബാഹ്യമായ ചടങ്ങുകളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും തീവ്രമായ ഒരു ആത്മീയ സാധനയായി കരുതണമെന്നും മാതാ അമൃതാനന്ദമയി ദേവി.
ആത്മജ്ഞാനത്തിലേക്കുള്ള ഒരു സാധകന്റെ സഞ്ചാരത്തെയാണ് നവരാത്രി സൂചിപ്പിക്കുന്നതെന്നും അമൃതപുരി ആശ്രമത്തില്‍ നടന്ന വിജയദശമി ദിന സന്ദേശത്തില്‍ അമ്മ പറഞ്ഞു. ലക്ഷ്മി, സരസ്വതി, ദുര്‍ഗ്ഗാ എന്നിങ്ങനെ മൂന്ന് ദേവീ സങ്കല്പങ്ങള് ഇച്ഛാ, ജ്ഞാന, ക്രിയാ ശക്തികളെ പ്രതിനിധാനം ചെയ്യുന്നുവെന്നും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ സാധകന് അപരിമിതമായ ഈശ്വര ശക്തിയെ ദേവീരൂപങ്ങളിലൂടെ സ്വന്തം ഹൃദയത്തിലേക്ക് ക്ഷണിക്കുന്ന പ്രക്രിയയാണ് നവരാത്രി പൂജയെന്നും അമ്മ പറഞ്ഞു.
രാവിലെ ആശ്രമത്തിലെ പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ ആരംഭിച്ച പരിപാടികളില്‍ വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. തുടര്‍ന്ന് നടന്ന വിദ്യാരംഭ ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി നൂറുകണക്കിന് കുരുന്നുകളെ ഹരിശ്രീ കുറിക്കുകയും ഏവര്‍ക്കും ഹരിഃശ്രീ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിശ്വശാന്തിക്കായുള്ള ധ്യാനം, ഭജന എന്നിവയും അമ്മയുടെ നേതൃത്വത്തില്‍ നടന്നു.
അഞ്ഞൂറിലധികം സംഗീതോപാസകര്‍ അവതരിപ്പിച്ച നാദോപാസന ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളുടെയും ആശ്രമ അന്തേവാസികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി ആശ്രമത്തിലെ കാളീക്ഷേത്രത്തിലും കളരിയിലും അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലും നടന്ന നവരാത്രി ആഘോഷങ്ങളാണ് വിജയദശമി ദിനത്തില്‍ സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: