നാഗ്പുര്‍: ചെറുപ്പത്തിലേ ഭഗവദ്ഗീത തന്നെ സ്വാധീനിച്ചിരുന്നു ഇപ്പോഴും അത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്. നാഗ്പൂരില്‍ ആര്‍എസ് എസ് വിജയദശമി മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവദ്ഗീത 16 അദ്ധ്യായം തുടങ്ങുന്നത് ‘അഭയം സത്വസംശുദ്ധിര്‍…’ എന്ന ശ്ലോകത്തിലൂടെയാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ക്കുള്ള ഉപദേശമാണത്. ഉറങ്ങിക്കിടക്കുന്ന മനുഷ്യ മനസുകളുടെ ശക്തിയെ ഉണര്‍ത്താന്‍ ഇത് സഹായിക്കുന്നെന്ന് സ്വാമി ചിന്മയാനന്ദന് പറഞ്ഞിട്ടുണ്ട്. സഞ്ജയന്റെ ‘യത്ര യോഗേശ്വരഃ കൃഷ്ണോ എന്ന് തുടങ്ങുന്ന നിരീക്ഷണത്തിലൂടെയാണ് ഭഗവദ്ഗീത സമാപിക്കുന്നത്. നമുക്ക് ധനുര്‍ധാരിയെയും യോഗേശ്വരനെയും വേണം. സാങ്കേതിക വിദ്യയോടൊപ്പം അതെങ്ങിനെ ഉപയോഗിക്കണമെന്ന ആശയവും ഉണ്ടാകണം, ഡോ. കെ. രാധാകൃഷ്ണന് പറഞ്ഞു.
ജനങ്ങളുടെ അഭ്യുദയത്തിനും രാജ്യത്തിന്റെ നന്മയ്ക്കും വേണ്ടിയാണു ഭാരതം എന്നും ബഹിരാകാശ ഗവേഷണം ഉപയോഗിച്ചിട്ടുള്ളതെന്ന് ഡോ. രാധാകൃഷ്ണന് വിശദീകരിച്ചു. ആത്മനിര്‍ഭരത നമ്മുടെ ലക്ഷ്യമല്ല, അഭിനിവേശമാണ്. ചന്ദ്രനിലും സൂര്യന്റെയടുത്തും നാമെത്തി. പുതുതലമുറയിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍, ഓരോ ഭാരതീയനേയും അഭിമാന ഭരിതരാക്കുന്നു.
ഭാരതീയമായ ഒരു സ്പേസ് സ്റ്റേഷന് കെട്ടിപ്പടുക്കുവാനും മനുഷ്യനെ 2040ല്‍ ചന്ദ്രനില്‍ എത്തിക്കുവാനും നാം ലക്ഷ്യമിടുന്നു. ഇതിലും വലിയ ലക്ഷ്യങ്ങളാണ് നാം ഭാവിയിലേക്ക് വയ്ക്കുന്നത്.
രാജ്യം ശാസ്ത്രസാങ്കേതിക രംഗത്ത് വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. പക്ഷെ ധൃതഗതിയില്‍ മുന്നേറുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഈ ഗതിവേഗം കൂട്ടേണ്ടതുണ്ട്. സാങ്കേതിക വിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.
ലോകസാമ്പത്തികഫോറത്തിന്റെ സര്‍വ്വേ അനുസരിച്ച് ഒരു തൊഴില്‍ നിപുണത അഞ്ച് വര്‍ഷമോ, ചിലപ്പോള്‍ അതിന്റെ പകുതികൊണ്ടോ ആവശ്യമില്ലാതായിത്തീരുന്നു. നിര്‍മിതബുദ്ധി, നല്ല കണക്ടിവിറ്റി , ബ്ലോക്ക് ചെയിന്‍, ക്വാണ്ടം ഫിസിക്സ്, മെറ്റാവേഴ്സ്, സിന്തറ്റിക് ബയോളജി, എയ്റോസ്പേസ് എന്നീ മേഖലകളില്‍ നാം മുന്നേറണം. അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള് ആറാം, അല്ലെങ്കില്‍ ഏഴാം വ്യവസായ വിപ്ലവത്തിന് സാക്ഷ്യം വഹിക്കും.
നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം ഇന്ന് തികച്ചും നല്ല ഒരു ദിശയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള പൗരന്മാരെയും ചിന്തിക്കുന്ന തലമുറയെയും വാര്‍ത്തെടുക്കാന്‍ കഴിയുന്ന ഒരു സമ്പ്രദായമാണ് ദേശീയ വിദ്യാഭ്യാസ പദ്ധതി. നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും ഇന്ന് വിദേശത്തു കാമ്പസുകള്‍ തുറക്കുന്നു. ഗവേഷണത്തിനും നവീകരണത്തിനും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നു, ഡോ. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: