Kerala

ഒന്നും മറയ്‌ക്കാനില്ലെന്ന് പിണറായി; ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

Published by

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശത്തിലുള്‍പ്പെടെ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ കത്ത്. ഒന്നും മറയ്‌ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി പറയുന്നു.

സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ വൈകിയെന്ന ആരോപണം പൂര്‍ണമായും തളളിയാണ് കത്തയച്ചത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നതും ചൂണ്ടിക്കാട്ടുന്നുണ്ട്.

സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു,നികുതി വരുമാനം കുറയുന്നു എന്ന അര്‍ഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്.ഇക്കാര്യം പൊലീസ് തന്നെ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശരിയല്ല. സ്വര്‍ണകടത്തില്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല.സ്വര്‍ണക്കടത്തിലും ഹവാല ഇടപാടിലും പൊലീസ് സ്വീകരിച്ച നടപടികള്‍ സുതാര്യമാണ്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഹിന്ദു പത്രം തിരുത്തിയിട്ടും ഗവര്‍ണര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു.

കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങളാണ്. അത് പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികള്‍ സ്വര്‍ണ കടത്ത് പണം ഉപയോഗിക്കുന്നതായി പൊലിസിന്റെ ഔദ്യോഗിക സൈറ്റിലിലില്ലെന്നും കത്തില്‍ പറയുന്നു.

വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായത്.ഗവര്‍ണറുടെ അധികാരപരിധിയും മറുപടിയില്‍ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നുണ്ട്. വിശ്വാസ്യതയുടെ കാര്യത്തില്‍ തനിക്കോ സര്‍ക്കാരിനോ യാതൊരു കുറവുമില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ അവകാശപ്പെടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by