മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ അപ്പാർട്ട്മെൻ്റിന് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചു. നടന്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ സൽമാൻ ഖാന്റെ സുരക്ഷയ്‌ക്ക് ഭീഷണി ഉണ്ടായിരുന്നു. ഏപ്രിൽ 14ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തിരുന്നു. അക്രമികളായ വിക്കി ഗുപ്തയും സാഗർ പാലും പിന്നീട് ഗുജറാത്തിൽ പിടിയിലാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
അതേ സമയം വെടിയേറ്റ് മരിച്ച സിദ്ദിഖിയുടെ കുടുംബത്തെ കാണാനും അനുശോചനം അറിയിക്കാനും സൽമാൻ ഖാൻ ശനിയാഴ്ച രാത്രി ലീലാവതി ആശുപത്രിയിലെത്തിയിരുന്നു. ഇന്നലെയാണ് മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാറിന്റെ വിഭാഗത്തിലെ നേതാവുമായ സിദ്ദിഖി ബാന്ദ്രയിലെ നിർമൽ നഗറിന് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടത്.
അതിനിടെ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, മഹാരാഷ്‌ട്ര പോലീസ് ആക്ട് എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മുംബൈ പോലീസ് കേസെടുത്തു. നിർമ്മൽ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൂടാതെ സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഹരിയാന സ്വദേശി ഗുർമെയിൽ സിംഗ്, ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് എന്നിവരാണ് ഇവർ.
അതേ സമയം സിദ്ദിഖിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഞായറാഴ്ച അറിയിച്ചു.
കൂടാതെ സിദ്ദിഖിയുടെ കൊലപാതകം അന്വേഷിക്കാൻ അഞ്ച് സംഘങ്ങളെ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ ആരാണെന്ന് 2-3 ദിവസത്തിനുള്ളിൽ വ്യക്തമാകുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഞായറാഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: