ചെന്നൈ: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ.ഒ. കഴിഞ്ഞ ബുധനാഴ്ച വീണാ വിജയനെ ചൈന്നെയിലെ എസ്.എഫ്.ഐ.ഒ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചെന്നൈയിലെ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് ആണ് വീണാ വിജയനോട് ചോദ്യങ്ങൾ ചോദിച്ചത്.
1.72 കോടി രൂപയാണ് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിലേക്ക് അയച്ചത്. സിഎംആർഎൽ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്.
കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. രണ്ട് വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ്എഫ്ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു.
വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: