ന്യൂദല്‍ഹി: മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിർദേശത്തിലുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നതും കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലുമാണ് ബാലാവകാശകമ്മിഷന്റെ ശുപാർശ.
സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കാണ് എന്‍.സി.പി.സി.ആര്‍ കത്തയച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു. എൻസിഇആർടിയും എസ്സിഇആർടിയും നൽകുന്ന പാഠ്യപദ്ധതി അനുസരിച്ചല്ല മദ്രസകളിൽ പഠനവും പരീക്ഷകളും നടത്തുന്നത്. ഇത് സമൂഹത്തിൽ അവർക്ക് ഉയരാൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകളെ കുറിച്ചും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമായ വിദ്യാഭ്യാസത്തിൽ മതവിഭ്യാസം ഉൾപ്പെടുന്നില്ല, ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാത്തതും പൊതു വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നതും കുട്ടികളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. പഠനത്തിൽ മികവ് കാണിക്കാനോ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനോ കാര്യങ്ങളെ ഗ്രഹിക്കാനോ മദ്രസ വിദ്യാഭ്യാസം സഹായിക്കുന്നില്ല. കുട്ടികളുടെ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മദ്രസ ബോർഡുകൾ വെല്ലുവിളികൾ ഉയർത്തുന്നുവെന്നും ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കെഴുതിയ കത്തിൽ പറയുന്നു.
മദ്രസകളില്‍ പഠിക്കുന്ന മുസ്‌ളിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. മുസ്ലീം സമുദായത്തിൽ പെടാത്ത കുട്ടികളും മദ്രസകളിലെ ക്ലാസുകളിൽ പങ്കെടുക്കുന്നുവെന്ന കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷൻ പരാമർശം.
മദ്രസ ബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം, മധ്യപ്രദേശിൽ മുസ്ലീം സമുദായത്തിൽ പെടാത്ത 9,446 പേരാണ് മദ്രസയിൽ പഠിക്കുന്നത്. രാജസ്ഥാനിൽ 3,103 പേരും ഛത്തീസ്ഗഡിൽ 2,159 പേരുമുണ്ട്. മതപഠന സ്ഥാപനങ്ങളെ വിദ്യഭ്യാസ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് ഔപചാരിക വിദ്യാഭ്യാസ സമ്പ്രാദയത്തിൽ നിന്ന് തന്നെ കുട്ടികളെ ഒഴിവാക്കുന്നതിലേക്ക് നയിച്ചെന്ന് എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.
നേരത്തെ മദ്രസകളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്കയറിയിച്ച് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാടറിയിച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ മദ്രസകള്‍ വരുന്നില്ലെന്നതിനാല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേതുപോലെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലന്നു വിദ്യാഭ്യാസ അവകാശനിയമത്തില്‍ പറയുന്ന ഉച്ചഭക്ഷണം, യൂണിഫോം, പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം എന്നിവയും ലഭിക്കുന്നില്ലെന്നും അന്ന് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ബാലാവകാശ കമ്മീഷന്റെ കത്തിനെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: