തിരുവനന്തപുരം: വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരത്തിന്റെ മധുരം നുകർന്ന് കുരുന്നുകൾ. ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രമുഖരുടെ നേതൃത്വത്തിലാണ് പരിപാടികള്‍.
കുട്ടികളെ എഴുത്തുനിരുത്തുന്നതിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായിരുന്നു. പതിനായിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കുന്നത്. വിജയദശമിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഉണ്ട്. മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്നും ഇത് തുടരും. ഇവിടെ പുലർച്ച മുതൽ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ ആരംഭിച്ചിരുന്നു.
പതിവുപോലെ രാവിലെ ആറുമുതല്‍ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകള്‍. ഇന്നലെ വിജയദശമി ദിനത്തില്‍ യാഗശാലയില്‍ ഉള്‍പ്പെടെ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. നൂറുകണക്കിന് കുട്ടികളാണ് മൂകാംബികയ്‌ക്ക് മുന്നില്‍ വിദ്യാരംഭം കുറിച്ചത്. പഞ്ചാംഗവിധി പ്രകാരം തീയതിയില്‍ മാറ്റം വന്നതോടെയാണ് കര്‍ണാടകയില്‍ ഇന്നലെയും കേരളത്തില്‍ ഇന്നും വിജയദശമി ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ വിവിധ സരസ്വതി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിന്റെ മടിയിൽ ഇരുന്ന് തളികയിൽ ചൂണ്ടുവിരൽ കൊണ്ടാണ് ആദ്യാക്ഷരം കുറിക്കുക. ഹരിശ്രീ ഗണപതയെ നമ എന്ന് കുട്ടികൾ അരിമണികളിൽ എഴുതും. ഇതിന് ശേഷം നാവിൽ മധുരം വയ്‌ക്കും. ഇതോടെ എഴുത്തിനിരുത്ത് പൂർത്തിയായി. ഇതിന് ശേഷം കുട്ടികൾക്ക് എഴുത്തും വായനയുംആരംഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: