ന്യൂദൽഹി : പഞ്ചാബിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകറിനെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇൻ്റർനാഷണലിന്റെ (ബികെഐ) തലവൻ വാധവ സിങ്ങ് ബബ്ബറിനും മറ്റ് അഞ്ച് ഭീകരർക്കെതിരെയും എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
ഈ വർഷം ഏപ്രിൽ 13നാണ് വികാസ് ബഗ്ഗ എന്നറിയപ്പെടുന്ന പ്രഭാകറിനെ പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ നംഗലിലെ മിഠായി കടയിൽ വച്ച് ബികെഐ ഭീകരർ വെടിവച്ചു കൊന്നത്. എൻഐഎയുടെ കുറ്റപത്രത്തിൽ ബികെഐ മേധാവി ബബ്ബർ മറ്റ് ഒളിവിൽ കഴിയുന്ന രണ്ട് പ്രതികളും അറസ്റ്റിലായ മൂന്ന് പ്രതികളും കൊലപാതകത്തിന്റെ പ്രധാന കുറ്റവാളികളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ മൂന്ന് പ്രതികളിൽ രണ്ട് പേർ പഞ്ചാബിലെ നവാൻഷഹർ സ്വദേശികളായ മംഗ്ലി എന്ന മൻദീപ് കുമാർ, റിക്ക എന്ന സുരീന്ദർ കുമാർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുഎപി ആക്ട്, ഐപിസി, ആയുധ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
എൻഐഎ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ച മൂന്നാമത്തെ പ്രതി ഗുർപ്രീത് റാം എന്ന ഗോറയാണ്. ഇയാൾ നവാൻഷഹറിൽ നിന്നുള്ളയാളും ആയുധ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതുമാണെന്ന് എൻഐഎ അറിയിച്ചു. പിടിയിലായ പ്രതികളുടെ നടത്തിപ്പുകാരായിരുന്നു ഒളിവിലുള്ള മൂന്നുപേരും.
നിലവിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ബബ്ബർ, നവാൻഷഹറിലെ ഹർജിത് സിംഗ് എന്ന ലഡ്ഡി, ഹരിയാനയിലെ യമുനാനഗർ സ്വദേശി കുൽബീർ സിംഗ് എന്ന സിദ്ധു എന്നിവർക്കൊപ്പമാണ് കൊലപാതകം നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും ഫണ്ടും നൽകിയതെന്ന് എൻഐഎ അറിയിച്ചു.
മെയ് 9 ന് സംസ്ഥാന പോലീസിൽ നിന്ന് കേസ് ഏറ്റെടുത്ത എൻഐഎ ആക്രമണത്തിന് പിന്നിൽ ബികെഐയുടെ രാജ്യാന്തര ഗൂഢാലോചന കണ്ടെത്തുകയായിരുന്നു. കൂടാതെ നിലവിൽ ജർമ്മനിയിലുള്ള ഹർജിത് സിങ്ങിനോടും കുൽബീർ സിങ്ങിനോടും കൊലപാതകം നടത്താൻ പാക്കിസ്ഥാനിൽ നിന്നുള്ള വാധവ സിംഗ് നിർദ്ദേശിച്ചതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: