ഹൈദരാബാദ് : നാമ്പള്ളി എക്‌സിബിഷൻ ഗ്രൗണ്ടിലെ പൂജ പന്തലിലെ ദുർഗാദേവിയുടെ വിഗ്രഹം നശിപ്പിച്ചതിന് ഒരാളെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കൃഷ്ണയ്യ ഗൗഡ് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടയിൽ ഭക്ഷണം തേടി പൂജാ പന്തലിൽ എത്തുകയും പ്രസാദം കവർന്നെടുക്കുകയും വിഗ്രഹത്തിന് കേടുവരുത്തുകയും ചെയ്യുകയായിരുന്നെന്ന് സെൻട്രൽ സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ഷയ് യാദവ് പറഞ്ഞു.
ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന ദുർഗാമാതാ വിഗ്രഹത്തിന്റെ വലതുകൈയ്‌ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും വിഗ്രഹത്തിന്റെ കാൽക്കൽ സൂക്ഷിച്ചിരുന്ന പ്രസാദവും മറ്റും ചിതറിക്കിടക്കുന്നതായും ഇന്നലെ രാവിലെ ആറുമണിയോടെയാണ് പോലീസിന് സന്ദേശം ലഭിച്ചത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വെള്ളിയാഴ്ച രാത്രി 8.15 ഓടെ ഒരു പ്രതിയെ പിടികൂടുകയായിരുന്നു. അതേ സമയം പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായതിനാൽ അവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സംഭവത്തിൽ സമഗ്രമായ അന്വേഷണം എത്രയും വേഗം നടത്തണമെന്ന് ബിജെപി നേതാവ് എൻവി സുഭാഷ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിനു പുറമെ ബിജെപി നേതാവ് മാധവി ലത കർശന നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ധർണ നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: