ന്യൂദൽഹി: സിക്കിമിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വീരമൃത്യു വരിച്ച 22 സൈനികർക്ക് വേണ്ടി ബർദാംഗിൽ നിർമ്മിച്ച സ്മാരകം വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാളിലെ സുക്‌നയിലുള്ള ത്രിശക്തി കോർപ്‌സ് ആസ്ഥാനത്ത് നിന്നാണ് സിംഗ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനവും ഇന്ത്യൻ സൈന്യവും സംയുക്തമായി നിർമ്മിച്ച ‘പ്രേരണ സ്ഥലം’ എന്ന സ്മാരകം ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും എല്ലാ ദുർഘടം പിടിച്ച സാഹചര്യങ്ങളിലും രാജ്യത്തിനുവേണ്ടി ഉറച്ചുനിൽക്കാനുള്ള അവരുടെ അചഞ്ചലമായ മനോഭാവത്തെ പ്രതിരോധമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇതിനു പുറമെ പ്രേരണ സ്ഥലം ധീരഹൃദയരുടെ ത്യാഗത്തെ അനശ്വരമാക്കുകയും അവരുടെ ധീരത ചരിത്രത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്മാരകം സൈനികരുടെ ധീരതയെക്കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുകയും ഒരു പ്രചോദനമായി പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇത്തരം സ്മാരകങ്ങൾ സൈനികരുടെ ത്യാഗത്തിന്റെ പ്രതീകമാണെങ്കിലും അവ ജനങ്ങളുടെ കൂട്ടായ ബോധത്തിന് രൂപം നൽകുകയും അവരിൽ ദേശീയ അഭിമാനബോധം ഉണർത്തുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സംസ്ഥാനത്തെ സൗത്ത് ലൊനാക് തടാകത്തിലെ ഗ്ലേഷ്യൽ അണക്കെട്ട് തകർന്നു ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ട 22 സൈനികരുടെ സ്മരണയ്‌ക്കായാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: