തിരുവനന്തപുരം: ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സുപ്രധാന ജീവല്‍ പ്രശ്നങ്ങളില്‍ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടുന്നതിനാണ് അപ്രസക്തമായ വിഷയങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും നിയമസഭയില്‍ പരസ്പരാരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
നാടിന്റെ സുരക്ഷയെ ബാധിക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഇരുമുന്നണി അംഗങ്ങള്‍ക്കും താല്പര്യമില്ല. മറിച്ച് സഭയില്‍ ഇല്ലാത്ത ആര്‍എസ്എസിനെക്കുറിച്ചാണ് ചൂടുപിടിച്ച ചര്‍ച്ച. ദിവസവും ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തി ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് സ്വന്തം തെറ്റുകള്‍ മറച്ചുപിടിക്കാനാണ്. തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ് ആണെന്ന് സഭയില്‍ പറയുന്ന റവന്യൂ മന്ത്രിയും പ്രതിപക്ഷ നേതാവും തെളിവുകള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കുകയാണ് വേണ്ടത്.
മുഖ്യമന്ത്രി പിണറായി പരസ്യമായി ദേശദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് നാളിതുവരെ പിന്‍വലിച്ചിട്ടില്ല. ജലീലിനെപ്പോലുള്ള എംഎല്‍എമാര്‍ സഭയ്ക്ക് പുറത്ത് സ്വര്‍ണക്കടത്തുകാരെക്കുറിച്ച് പറയുന്നു. പക്ഷേ ആവക വിഷയങ്ങളൊന്നും സഭയില്‍ ഉന്നയിക്കുന്നില്ല. വളരെ ഗൗരവമേറിയ ഈ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇരു മുന്നണികളും ആര്‍എസ്എസിന്റെ നെഞ്ചത്തേക്ക് അസ്ത്രങ്ങള്‍ പായിക്കുന്നത്. ഈ ഒത്തുകളി രാഷ്ട്രീയം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും. ജമ്മു കശ്മീരില്‍ തരിഗാമി എന്ന സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചത് കോണ്‍ഗ്രസുകാരാണ്. ആ വാര്‍ത്ത പുറത്തുവരുന്ന സമയത്ത് കേരള നിയമസഭയില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടിനെപ്പറ്റി പ്രതിപക്ഷ നേതാവ് പറയുന്നതില്‍ എന്ത് സത്യസന്ധതയാണുള്ളത്? സിപിഎമ്മിനെ ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വഞ്ചനാപരമായ നിലപാടാണ് കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: