ന്യൂദല്‍ഹി: ഹരിയാനയില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കുറ്റം മുഴുവന്‍ വോട്ടിങ് യന്ത്രത്തിനു മേല്‍ ചാരി തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളിലെ കലഹമാണ് തോല്‍വിക്ക് കാരണമെന്നു ചൂണ്ടിക്കാട്ടി ചില നേതാക്കള്‍ തന്നെ ഇറങ്ങിയത്.
പാര്‍ട്ടിയിലെ പ്രശ്നമാണു കാരണമെന്നും പരിശോധിക്കണമെന്നും കാണിച്ച് ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തു നല്‍കും. പാര്‍ട്ടിയിലെ കലഹമാണ് വിനയായതെന്ന് അജയ് മാക്കനും തുറന്നടിച്ചു. തോല്‍പ്പിച്ചത് ഹരിയാനയിലെ ചില മുതിര്‍ന്ന നേതാക്കളാണെന്ന് ഹരിയാനയില്‍ നിന്നുള്ള ക്യാപ്റ്റന്‍ അജയ് യാദവും പറഞ്ഞു.
പല പ്രമുഖ നേതാക്കള്‍ക്കും ഇതേ നിലപാടാണ്. വോട്ടിങ് യന്ത്രത്തെ പഴിക്കുന്നതു ശരിയല്ലെന്നും ഇവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പുഫലത്തെ എങ്ങനെ അംഗീകരിക്കുമെന്നാണ് ഇവരുടെ ചോദ്യം.
ഇതോടെ വോട്ടിങ് യന്ത്രത്തില്‍ അപാകമുണ്ടെന്നു പറഞ്ഞ് കോടതിയെയും തെര. കമ്മിഷനെയും സമീപിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഉേപക്ഷിക്കുകയാണ്. ഒന്ന്, ഈ വാദത്തോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ യോജിപ്പില്ല. രണ്ട്, യന്ത്രത്തില്‍ തട്ടിപ്പു നടത്തിയെന്ന വാദത്തിനു തെളിവുമില്ല. മണ്ഡലങ്ങളില്‍ നിന്നു തെളിവു ശേഖരിക്കുമെന്നു പറയുമ്പോഴും എന്തു തെളിവെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ ചോദ്യം. തെളിവെന്നു പറഞ്ഞു നല്കിയ പരാതിയില്‍ പോലും ബാലിശമായ ആരോപണമാണ്. ഇത്രയും ഉപയോഗിച്ച ശേഷവും ഏഴു മണ്ഡലങ്ങളിലെ യന്ത്രങ്ങളില്‍ 90 ശതമാനം ചാര്ജ്ജുണ്ടെന്ന പരിഹാസ്യമായ വാദമാണിത്. ഇതല്ലാതെ തെളിവായി പറയാനൊന്നുമില്ല. തെളിവില്ലാതെ ഹര്‍ജിയുമായി ചെന്നാല്‍ കോടതിയില്‍ നിന്ന് അടി കിട്ടുമെന്നും അതിനാല്‍ ഈ വാദം ഉപേക്ഷിക്കുകയാണ് പാര്‍ട്ടിക്കു നല്ലതെന്നുമാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേ ഉയര്‍ന്ന ഗുരുതര ആരോപണവും പാ ര്‍ട്ടിയില്‍ ചര്‍ച്ചയാണ്. മാനദണ്ഡമൊന്നുമില്ലാതെ കെസി തന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കു സീറ്റ് നല്‍കിയെന്ന് കോണ്‍ഗ്രസുകാരനായ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് അശോക വാംഘടെയാണ് ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: