Editorial

ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ മുഖ്യമന്ത്രിക്കാവില്ല

Published by

സ്വയം പ്രഖ്യാപിച്ച ചില പാളിച്ചകളില്‍ വിശദീകരണം ചോദിച്ച സംസ്ഥാന ഗവര്‍ണറോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ കണക്കുകള്‍ അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖവും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പി.വി അന്‍വറും പറഞ്ഞ കാര്യങ്ങളിലും സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കം. മറുപടി വൈകിയതിനാല്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും നേരിട്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിന്നീട് വൈകി മറുപടി നല്‍കിയെങ്കിലും വ്യക്തതയുള്ള ഉത്തരങ്ങളായിരുന്നില്ല.. ഫോണ്‍ ചോര്‍ത്തല്‍ നടന്നില്ലെന്ന മറുപടി ചീഫ് സെക്രട്ടറിയും നല്‍കി. ഇതിനിടെ ഗവര്‍ണര്‍ പറഞ്ഞത് തെറ്റാണെന്നു സ്ഥാപിക്കാന്‍ സംസ്ഥാന പോലീസ് പത്രക്കുറിപ്പും ഇറക്കി. അസാധാരണ നടപടി ഗവര്‍ണറെ ഇകഴ്‌ത്താനുള്ള നീക്കമായിരുന്നു എന്നത് വ്യക്തം.

കേരളത്തില്‍ വന്‍തോതില്‍ അനധികൃത സ്വര്‍ണക്കടത്ത് നടക്കുന്നു എന്നും അതില്‍ നിന്നുള്ള വന്‍ വരുമാനം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്നുമാണ്, അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഈ സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മലപ്പുറമാണെന്നും പറഞ്ഞു. ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യം മുഖ്യമന്ത്രിയുടെ നാവില്‍നിന്നുതന്നെ വന്നത് ശ്രദ്ധേയമായി, വലിയ വാര്‍ത്തയായി. വിവാദമായപ്പോള്‍, ഈ പരാമര്‍ശങ്ങള്‍ താന്‍ പറഞ്ഞതല്ലെന്നായിരുന്നു മുഖ്യ മന്ത്രിയുടെ വിശദീകരണം. അതിന്റെ വിശ്വാസ്യത ഇപ്പോഴും ഉറപ്പായിട്ടുമില്ല. രാജ്യദ്രോഹപരമായ കുറ്റകൃത്യം സംസ്ഥാനത്തു നടന്ന് വരുന്നത് അറിഞ്ഞിട്ടും എന്തുകൊണ്ട് തന്നെ അറിയിച്ചില്ല എന്നാണ് ഇത് സംബന്ധിച്ച് ഗവര്‍ണറുടെ ചോദ്യം. ന്യായമായ ചോദ്യം. ഇക്കാര്യത്തില്‍ അദ്ദേഹം വിശദീകരണം തേടുകയും ചെയ്തു. ഇരുപത് ദിവസം വൈകിയ മറുപടിയില്‍ മുഖ്യമന്ത്രി സ്വയം ന്യായീകരിക്കുകയാണ് ചെയ്തത്. സ്വര്‍ണക്കടത്ത് തടയേണ്ടത് കസ്റ്റംസിന്റെ ചുമതലയാണെന്ന വിശദീകരണവും. ‘തന്റെ ഭരണ ചുമതലയുള്ളിടത്ത് രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടന്നാല്‍ അത് തന്റെ ചുമതലാ പരിധിയില്‍ വരില്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്? അഥവാ, ഇത് സംബന്ധിച്ച പരാമര്‍ശം താന്‍ പറഞ്ഞതല്ലെങ്കില്‍ ആ മാധ്യമത്തിനെതിരെ എന്തുകൊണ്ട് നിയമ നടപടി എടുത്തില്ല എന്ന ഗവര്‍ണറുടെ ചോദ്യം ഏറെ പ്രസക്തമാണ്. എന്തൊക്കെയോ ഒളിക്കാനുള്ള ശ്രമമായേ മുഖ്യമന്ത്രിയുടെ നടപടിയെ കാണാനാകൂ.

സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ഗവര്‍ണറാണെന്ന് ആര്‍ക്കും അറിയാമെന്നിരിക്കെ, ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ പരാതിയില്‍ കഴമ്പില്ല. ഭരണം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. അതുണ്ടായില്ലെങ്കില്‍ വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരവുമുണ്ട്. തന്റെ നടപടിയെ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ നടപടി രാഷ്‌ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഗവര്‍ണര്‍ ഒരുങ്ങുന്നത്. വിരട്ടലില്‍ വീഴുന്ന ആളല്ല ആരിഫ് മുഹമ്മദ് ഖാന്‍. പൊടുന്നനെ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചും പിന്നാലെ ആശയക്കുഴപ്പമുണ്ടാക്കിയും പ്രധാന വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടുന്ന പിണറായി ശൈലിയെ കൃത്യമായി പിടികൂടുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക