ബോളിവുബോളിവുഡിന്റെ ‘ആംഗ്രി യങ് മാൻ’, ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ കാണു. ബോളിവുഡിലെ ക്ഷുഭിത യൗവനമായി നിറഞ്ഞു നിന്ന അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തില്‍ ബച്ചൻ അഭിനയിച്ച് തീര്‍ത്ത കഥാപാത്രങ്ങള്‍ നിരവധിയാണ്. ഇന്നും ആ പകര്‍ന്നാട്ടത്തിന് കോട്ടം തട്ടിയിട്ടില്ല. ബിഗ് ബിയായി ബോളിവുഡിന്റെ കാരണവര്‍ സ്ഥാനത്ത് തുടരുകയാണ് അമിതാഭ് ബച്ചൻ.
അഭിനയത്തെ മാത്രമല്ല ആക്ഷനേയും ബച്ചന്റെ പ്രായം തളര്‍ത്തിയിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ കല്‍ക്കി 2898ലൂടെ വീണ്ടും ആക്ഷന്‍ താരമായി എത്തി അമ്പരപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ ബിഗ്ബിക്ക് ഇന്ന് (വെള്ളിയാഴ്ച) 82-ാം പിറന്നാളാണ്. ഈ ദിനത്തിന് പുറമേ മറ്റൊരു ദിവസവും അമിതാഭ് ബച്ചനും ആരാധകരും പിറന്നാൾ ആഘോഷിക്കാറുണ്ട്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. 1942 ഒക്ടോബർ 11-നാണ് അമിതാഭ് ബച്ചൻ ജനിക്കുന്നത്. എന്നാൽ ഒക്ടോബർ 11 മാത്രമല്ല ഓഗസ്റ്റ് 2-ാം തിയതിയും ബച്ചൻ പിറന്നാൾ ആഘോഷം നടത്താറുണ്ട്. എന്താണെന്നല്ലേ….
1982 -ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ഗുരുതരമായി പരിക്കേറ്റ ബച്ചൻ അവിശ്വസനീയമാംവിധമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആ സംഭവത്തിന്റെ ഓർമയ്ക്കെന്നോണമാണ് ഓഗസ്റ്റ് 2-ാം തിയതിയും താരം രണ്ടാം പിറന്നാളായി ആഘോഷിക്കുന്നത്. കൂലി എന്ന സിനിമയിലെ ഒരു ആക്ഷൻരംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേൽക്കുന്നത്. ടൈമിങ് പിഴച്ചതോടെ സഹതാരത്തിൽ നിന്ന് ബച്ചന്റെ വയറിന് അടിയേറ്റു. പിന്നാലെ ബച്ചൻ ബോധംകെട്ടുവീണു.
ആദ്യം ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. വയറിലെ അമിതരക്തസ്രാവം ബച്ചന്റെ ആരോഗ്യനില സങ്കീർണമാക്കി. ബച്ചൻ മരിച്ചുവെന്ന് വരെ അന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്ടർമാരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ബച്ചൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓഗസ്റ്റ് 2- നായിരുന്നു അത്. പുനർജന്മമെന്നോണമാണ് ഈ ദിനം ബച്ചൻ വീണ്ടും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. രണ്ടാം പിറന്നാളായി ആഘോഷിക്കുന്ന ഈ ദിവസം ബച്ചന് ആരാധകർ ആശംസകൾ നേരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: