ധാക്ക: ബംഗ്ലാദേശിലെ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ കിരീടം മോഷണം പോയി.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച കിരീടം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് കാളി വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടെത്തിയത്. ബംഗ്ലാദേശ് പത്രം ദ ഡെയ്ലി സ്റ്റാറാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി കിടക്കുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ജെഷോറിന്റെ ദേവി എന്നാണ് ജശോരേശ്വരിയുടെ അർത്ഥം. ശക്തിപുരയിലെ ഈശ്വരിപൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ അനാരി എന്ന ബ്രാഹ്മണനാൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ജശോരേശ്വരി പീഠത്തിനായി 100 വാതിലുകളുള്ള ക്ഷേത്രം അദ്ദേഹം നിർമ്മിച്ചു. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ ഇത് നവീകരിച്ചു, ഒടുവിൽ പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമ്മിച്ചു.
ക്ഷേത്രത്തിൽ ഇന്ത്യ വിവിധോദ്ദേശ്യ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി മോദി സന്ദർശന വേളയിൽ പറഞ്ഞിരുന്നു. പ്രദേശവാസികൾക്ക് സാമൂഹികവും മതപരവും വിദ്യാഭ്യാസപരവുമായ പരിപാടികൾക്ക് ഇത് ഉപയോഗപ്രദമാകണമെന്നും ചുഴലിക്കാറ്റ് പോലുള്ള ദുരന്തസമയത്ത് എല്ലാവർക്കും അഭയകേന്ദ്രമായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: