വര്‍ക്കല: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ലോകമത പാര്‍ലമെന്റ് നടത്തുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്. ആലുവ സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് റോമില്‍ നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളില്‍ ശിവഗിരി മഠം ലോകമത പാര്‍ലമെന്റ് നടത്തുന്നതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു.
നവംബര്‍ 29ന് വൈകുന്നേരം സര്‍വമത സമ്മേളന സത്സംഗം നടത്തും. വിവിധ മതപ്രതിനിധികള്‍ പങ്കെടുക്കും.
30ന് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മതാചാര്യന്മാരും ദാര്‍ശനികരും പങ്കെടുക്കും. ഗുരുവിന്റെ ഏകമത ദര്‍ശനം, മതസമന്വയം, മതസൗഹാര്‍ദം, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും. ഗുരുദേവന്റെ മതദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ലോക സമാധാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദര്‍ശനത്തിന്റെ വെളിച്ചത്താല്‍ മതസമന്വയ ദര്‍ശനം അവതരിപ്പിക്കും.
ഡിസംബര്‍ ഒന്നിന് വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സ്‌നേഹസദസ് ഉണ്ടാകും. ഗുരുവിന്റെ ഏകലോകദര്‍ശനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തും.
യുഎഇ, ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇതിനകം പങ്കെടുക്കുമെന്ന് കോഡിനേറ്റര്‍മാരായ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ബാബുരാജ് ബഹറിന്‍ എന്നിവര്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ശിവഗിരി മഠത്തില്‍ നിന്നും ശ്രീനാരായണ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 150 പ്രതിനിധികള്‍ ലോക പാര്‍ലമെന്റില്‍ പങ്കെടുക്കും. പോപ്പുമായി കൂടിക്കാഴ്ചയ്‌ക്കുള്ള മറ്റ് ക്രമീകരണവും ഉണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 20നകം സ്വാമി വീരേശ്വരാനന്ദ, (7907111500), ഡോ. എം. ജയരാജു (9846369478) എന്നിവരുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: