India

കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനമില്ല ആവശ്യങ്ങള്‍ ഒമര്‍ തള്ളി

Published by

ശ്രീനഗര്‍: ഉപമുഖ്യമന്ത്രി സ്ഥാനവും നാലു മന്ത്രിമാരെയും വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയാകാന്‍ പോകുന്ന, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള തള്ളി. രണ്ടു മന്ത്രിസ്ഥാനം നല്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം അഭിപ്രായം അറിയിക്കാന്‍ കോണ്‍ഗ്രസിന് 24 മണിക്കൂറും നല്കി. അതിനകം അറിയിച്ചില്ലെങ്കില്‍ തങ്ങള്‍ മാത്രമായി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും ഒമര്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു.

ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുത്തു. തുടര്‍ന്ന് വാര്‍ത്താ ലേഖകരെ കണ്ട അദ്ദേഹം കോണ്‍ഗ്രസിനോടുള്ള നിലപാടും വ്യക്തമാക്കി. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 29 സീറ്റുകളാണ് ഉള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളുണ്ട്. ഏതാനും സ്വതന്ത്രരുടെയും പിന്തുണയുണ്ട്.

കോണ്‍ഗ്രസിന് ആറു സീറ്റുകള്‍ മാത്രമാണ് ഉള്ളത്. സിപിഎം ഒന്ന്, ആപ്പ് ഒന്ന്, സ്വതന്ത്രര്‍ 7, ജെപിസി ഒന്ന്, പിഡിപി മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചെലവില്‍ ആറു സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസാണ് ഉപമുഖ്യമന്ത്രി സ്ഥാനവും നാലു മന്ത്രിമാരെയും ചോദിച്ചത്. നാലു മന്ത്രിമാരില്‍ ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയാണ് ചോദിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക