തിരുവനന്തപുരം: സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് പൊലീസിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവന പൊലീസ് തള്ളി. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യത്തിന് മറുപടിയുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. വെബ്‌സൈറ്റില്‍ ഒരിടത്തും ഇങ്ങനെ പറയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെയും പണത്തിന്റെയും കണക്കു മാത്രമാണ് വെബ്‌സൈറ്റില്‍ നല്‍കിയത്.
സാധാരണയായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്കു കേരളാ പൊലീസ് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി മറുപടി നല്‍കാറില്ല. അഥവാ എന്തെങ്കിലും വിശദീകരണം നല്‍കണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയാണു മറുപടി നല്‍കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പൊലീസ് നേരിട്ടു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ പറഞ്ഞതായി ഇലക്‌ട്രോണിക് മാധ്യമത്തില്‍ വന്ന പ്രസ്താവനയ്‌ക്കുള്ള വിശദീകരണം എന്ന നിലയിലാണ് വാര്‍ത്താക്കുറിപ്പ്. ഗവർണർ മാധ്യമങ്ങളോട് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസിന്റെ മറുപടി മുഖ്യമന്ത്രി-ഗവര്‍ണര്‍ പോരില്‍ പങ്കുചേര്‍ന്ന് അപൂര്‍വ നടപടിയാണിത്
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ കടുത്ത നിലപാടുമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം രാഷ്‌ട്രപതിയെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വര്‍ണ കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.
സര്‍ക്കാരിന് തനിക്ക് വിവരങ്ങള്‍ നല്‍കേണ്ട ബാധ്യത ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലുണ്ടായിരുന്നത്. എന്നാല്‍ അങ്ങനെയൊരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തുടര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞതല്ല ഇതെന്നും പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദി ഹിന്ദു വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: