തിരുവനന്തപുരം: മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ ആ വിധിയിൽ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ വിമർശിക്കുന്നത് ജനാധിപത്യപരമല്ല. പ്രോസിക്യൂഷനും പോലീസും എന്നെ സഹായിച്ചുവെന്നാണ് യുഡിഎഫ് പറയുന്നത്. കോൺഗ്രസിന്റെ അദ്ധ്യക്ഷൻ കെ.സുധാകരൻ, ഇ.പി ജയരാജൻ വധശ്രമക്കേസിൽ കേരള ഹൈക്കോടതിയിൽ നിന്നും വിടുതൽ ഹർജി നേടി. അത് കൃത്യമായി പരിഗണിച്ച ശേഷമാണ് ഇങ്ങനെയൊരു വിധി എന്നാണ് കോടതി പറഞ്ഞത്. അതിനെതിരെ ബിജെപി ആരോപണം ഉന്നയിച്ചില്ല. എന്നാൽ മഞ്ചേശ്വരം കേസിൽ ബിജെപിക്ക് അനുകൂലമായ വിധി വന്നപ്പോൾ കോടതിയെ മുൻനിർത്തി ബിജെപി-സിപിഎം ഓത്തുതീർപ്പായി എന്നാണ് കോൺഗ്രസ് പറയുന്നത്. ഇത് ഇരട്ടത്താപ്പാണ്.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാർത്ഥി പത്രിക പിൻവലിക്കുന്നുണ്ടെങ്കിൽ അത് സ്വമേധയാണോ എന്ന് പരിശോധ നടക്കണമെന്ന് നിയമമുണ്ട്. മഞ്ചേശ്വരം റിട്ടേണിംഗ് ഓഫീസർ ഇത് പഠിച്ചതിനുശേഷം ആയിരിക്കുമല്ലോ പത്രിക പിൻവലിക്കാൻ അനുവദിച്ചത്. അതിനുശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി സ്വമേധയെയാണ് പത്രിക പിൻവലിക്കുന്നതെന്നും ഞാൻ ബിജെപിയിൽ ചേരുകയാണെന്നും സുന്ദര മൊഴി കൊടുക്കുകയാണുണ്ടായത്. ഇത് വിധിയിലും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം ഇടത് സ്ഥാനാർത്ഥി വിവി രമേശൻ നൽകിയ കേസിൽ കക്ഷി ചേർന്നില്ലെങ്കിൽ കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുന്ദരയെ കൊണ്ട് മൊഴി നൽകിച്ചത്.
സുന്ദര മാത്രമല്ല, സുരേന്ദ്രൻ എന്ന അപരൻ കൂടി മഞ്ചേശ്വരത്തു മത്സരിച്ചിരുന്നു. അങ്ങനെ പത്രിക പിൻവലിപ്പിക്കാനാണെങ്കിൽ അദ്ദേഹത്തിനെയും ഞങ്ങൾ സമീപിക്കണമല്ലോ. സുന്ദര പത്രിക പിൻവലിച്ചപ്പോൾ ബിഎസ്പിയുടെ സംസ്ഥാന പ്രസിഡൻ്റ് അദ്ദേഹത്തെ തടങ്കിലാക്കിയെന്ന പരാതി നൽകിയിരുന്നു. തന്നെയാരും തടവിലാക്കിയിട്ടില്ലെന്നാണ് സുന്ദര പോലീസിന് നൽകിയ മൊഴി. ഈ കേസിൽ യുഡിഎഫ് ഒരു പരാതിയും കൊടുത്തിട്ടില്ല. സുന്ദര ആദ്യഘട്ടത്തിൽ കൊടുത്ത മൊഴിയിൽ പറയുന്ന അശോക് ഷെട്ടി എന്നൊരു ബിജെപി നേതാവില്ല. സുന്ദരയെ ചോദ്യം ചെയ്യും മുമ്പ് സർക്കാർ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതൊക്കെ ചരിത്രത്തിൽ ഇല്ലാത്ത സമീപനമാണ്. പിന്നീട് നടന്നത് തിരക്കഥയ്‌ക്ക് അനുസരിച്ചുള്ള പോലീസിന്റെ ഗൂഢാലോചനയാണ്. പണം പിടിക്കുന്നു, സാക്ഷികളെ ഹാജരാക്കുന്നു, ബിജെപി ഓഫീസിലെത്തി നേതാക്കന്മാരെ പ്രതിചേർക്കുന്നു.
171ഇ വകുപ്പ് അനുസരിച്ച് കേസ് എടുത്തിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ പൊലീസ് എസ്.സി-എസ്.ടി അതിക്രമ നിയമപ്രകാരം കേസെടുത്തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി എന്നതാണ് എനിക്കെതിരെ ചേർത്ത് മറ്റൊരു വകുപ്പ്. ഇതുപ്രകാരം മൂന്നുവർഷം ശിക്ഷ ലഭിക്കാവുന്നതാണ്. എസ്.സി-എസ്.ടി കാരനായ വ്യക്തിയെ പ്രലോഭിച്ചു ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി എന്ന എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരം അഞ്ചുവർഷം തടവ് ലഭിക്കാവുന്നതാണ്. ഇത് രണ്ടും കോടതി തള്ളിയപ്പോഴാണ് ഒരു വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന 171ഇ വകുപ്പ് പ്രകാരം എടുത്ത കേസിൽ കുറ്റപത്രം നൽകാൻ പോലീസ് വൈകിച്ചത് ഗൂഢാലോചനയാണെന്ന് യുഡിഎഫ് പറയുന്നത്. ഇതിൽ നിന്നും യുഡിഎഫിന്റെ ഇരട്ടത്താപ്പും പൊള്ളത്തരവും വ്യക്തമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: