ടോണി ചിറ്റിലപ്പിള്ളി
ഒക്‌ടോബർ 6-ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 21 കർദ്ദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 44 വയസ്സും ഏറ്റവും പ്രായം കൂടിയ ആൾക്ക് 99 വയസ്സുമാണ്. ഡിസംബർ 8-ന് നടക്കുന്ന കാർഡിനൽ കൺസിസ്റ്ററി, പല കാര്യങ്ങളിലും, പോപ്പ് ഫ്രാൻസിസിന്റെ ഏകദേശം 12 വർഷത്തെ ഭരണ കാലത്ത് നടന്ന ഒമ്പത് കൺസിസ്റ്ററികൾക്ക് സമാനമായിരിക്കും. സമ്പന്ന രാജ്യങ്ങൾക്കു പകരം അവികസിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ ചുവന്ന കർദിനാൾ തൊപ്പികൾ സമ്മാനിക്കുന്നത് പാവപ്പെട്ട രാജ്യങ്ങളിലെ ആളുകളോടുള്ള ഫ്രാൻസിസ് പാപ്പയുടെ കരുതൽ ആണ്. സാധാരണക്കാരോടും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള പാപ്പായുടെ പ്രതിബദ്ധതയും സ്നേഹവും പുതിയ കർദിനാൾ നിയമനത്തിലുണ്ട്.
ലോസ് ഏഞ്ചൽസ്, വെനീസ്, മിലാൻ തുടങ്ങിയ വലിയ അതിരൂപതകൾ മറികടന്ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ കോളേജിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു.തന്റെ ഇടയ ആഭിമുഖ്യവും ദരിദ്രരോടുള്ള കരുതലും പ്രതിഫലിപ്പിക്കുന്ന വ്യക്തികളെ ഒട്ടും പ്രതീക്ഷിക്കാത്ത പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നതിന് പാപ്പാ ശ്രദ്ധിച്ചു. ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്തതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കോൺക്ലേവ് ആയിരിക്കും ഭാവിയിൽ ഉണ്ടാകുക. ഇറ്റാലിയൻ-യൂറോപ്യൻ-റോമൻ ക്യൂരിയ അടിസ്ഥാനമായ സ്വാധീനം കുറവും. അതേ സമയം ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിൻ അമേരിക്കൻ സ്വാധീനം കൂടുതലും ഉണ്ടാകുന്ന കോൺക്ലേവായിരിക്കും അടുത്തത്.
അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കുകയെന്ന പ്രധാന ഉത്തരവാദിത്വമാണ് കർദിനാൾമാരുടെ കോളേജിനുള്ളത്. തീരെ അപ്രതീക്ഷിത പേരുകൾ, ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങൾ,എന്നതാണ് പുതിയ 21 കർദ്ദിനാൾമാരുടെ നിയമനത്തിലൂടെ പുറത്തു വരുന്നത്.അതിൽ 20 പേർ 80 വയസ്സിന് താഴെയുള്ളവരും, അതിനാൽ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരുമാണ്.
99 കാരനായ ആർച്ച് ബിഷപ്പ് ആഞ്ചലോ അസെർബി വത്തിക്കാനിലെ നയതന്ത്ര തലത്തിൽ 50 വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം ഹംഗറിയിലെ കത്തോലിക്കാ ഹയരാർക്കി പുനർനിർമ്മിക്കാൻ സഹായിക്കുകയും ചെയ്തു. ഭാവിയിലെ ഒരു കോൺക്ലേവിൽ അദ്ദേഹത്തിന് വോട്ടുചെയ്യാൻ കഴിയില്ല.എന്നാൽ ഇത് പോപ്പ് ഫ്രാൻസിസിന്റെ മുതിർന്ന ഒരു മെത്രാപ്പോലീത്തായ്‌ക്കുള്ള നീണ്ട കർത്തൃ സേവന ജീവിതത്തിനുള്ള പ്രതീകാത്മകമായ അംഗീകാരമാണ്.
ഓസ്‌ട്രേലിയയിലെ മെൽബൺ ആസ്ഥാനമായ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷൻ 44-കാരനായ റിഡംപ്‌റ്റോറിസ്റ്റ് ബിഷപ്പ് മിക്കോള ബൈചോക്കിന്റെ നിയമനം ഓസ്‌ട്രേലിയയിലെ പല പ്രഗത്ഭരെയും ഒഴിവാക്കിയാണ്. ഏറ്റവും ശ്രദ്ധേയമായത് പുതിയ കർദ്ദിനാളുമാർ മുഴുവനും ഫ്രാൻസിസ് മാർപാപ്പയുടെ ദർശനത്തോട് അടുപ്പം പുലർത്തുന്നവരാണ്.
പ്യൂ റിസർച്ച് സെൻ്ററിൽ നിന്നുള്ള ഒരു വിശകലനം അനുസരിച്ച്, 2013-ൽ പോപ്പ് ഫ്രാൻസിസിന്റെ തിരഞ്ഞെടുപ്പ് മുതൽ, യൂറോപ്യൻ കർദ്ദിനാൾമാരുടെ എണ്ണം തുടർച്ചയായി കുറഞ്ഞു. അതേസമയം ആഫ്രിക്കൻ, ഏഷ്യാ- പസഫിക്, ലാറ്റിനമേരിക്കൻ പ്രാതിനിധ്യത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ഇനിയും ഈ പ്രവണത തുടരും.ഈ ഡിസംബർ 8-ലെ കൺസിസ്റ്ററി സ്ഥിരീകരണമനുസരിച്ച്, തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന 80% കർദിനാളുമാർ ഫ്രാൻസിസ് മാർപാപ്പ നാമകരണം ചെയ്യുന്നവരായിരിക്കും. ഏഷ്യൻ കർദിനാൾ സംഘം 9 ശതമാനത്തിൽ നിന്ന് 18 ശതമാനമായും, ആഫ്രിക്കൻ കർദിനാളുമാർ 9 ശതമാനത്തിൽ നിന്ന് 13 ശതമാനമായും ഉയർന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള കർദിനാളുമാരുടെ ശതമാനം 2013 ലെ കോൺക്ലേവിലുണ്ടായിരുന്ന 9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറഞ്ഞു.
നിയുക്ത ഇന്ത്യൻ കർദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് 2006 മുതൽ വത്തിക്കാനിലെ നയതന്ത്ര സേവനത്തിൽ സേവനമനുഷ്ഠിക്കുന്നു.നിയുക്ത കർദ്ദിനാൾ കൂവക്കാടിന്റെ നിയമനത്തിന് രണ്ട് മാതൃകകളുണ്ട്. ആദ്യത്തേത് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പാപ്പാ യാത്രകളുടെ സംഘാടകനായും സേവനമനുഷ്ഠിച്ച കർദിനാൾ റോബർട്ടോ ടുച്ചി. രണ്ടാമത്, കർദ്ദിനാൾ ജാക്വസ് മാർട്ടിൻ, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അടുത്ത സഹായി, അദ്ദേഹം മാർപ്പാപ്പയുടെ പല യാത്രകളും സംഘടിപ്പിക്കുകയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയും ചെയ്തു.പിന്നീട് കർദിനാളായി ഉയർത്തപ്പെട്ടു.ഇതേ രീതിയിലുള്ളണ് നിയമനമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റേത്.
മോൺസിഞ്ഞോർ ജോർജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെട്ടതിന് ശേഷം അദ്ദേഹത്തെ വത്തിക്കാനിലെ തന്നെ പ്രധാനമായ ഒരു ഡിക്കാസ്ട്രിയിലേക്കു നിയമിക്കാൻ സാധ്യതയുണ്ട്.ഒരു പക്ഷെ,കൗൺസിൽ ഓഫ് കാർഡിനൽസിലും അംഗമായേക്കാം ( ഒമ്പത് കർദ്ദിനാളുമാർ ഉൾപ്പെടുന്ന C-9 എന്നും അറിയപ്പെടുന്ന ഉപദേശക സമിതിയിലേക്ക്).ഡിസംബറിൽ 80 വയസ്സ് തികയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ദീർഘകാല ഉപദേഷ്ടാവായ ബോംബെ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ സ്ഥാനത്തേക്കായിരിക്കും ഒരു പക്ഷെ നിയുക്ത കർദിനാൾ മോൺ.കൂവക്കാട് അവരോധിക്കപെടുക.
തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള ഭാവി കോൺക്ലേവിലെ ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ സ്വാധീനം കർദിനാളുമാരുടെ പങ്കാളിത്തം വിശാലമാക്കുന്നതിലും ഒരു മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനെ കൂടുതൽ ജനകീയമാക്കി മാറ്റുന്നതിലുമായിരിക്കും.
















