കോഴിക്കോട്: വാഹനങ്ങള്‍ കൂട്ടിമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ സഹോദരങ്ങളായ യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി.കോഴിക്കോട് പന്നിയങ്കര പൊലീസിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവാക്കള്‍ പരാതി നല്കി.
പൊലീസ് അതിക്രമം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.
വേങ്ങേരി സ്വദേശികളായ മുഹമ്മദ് മുനീഫ്, സെയ്ദ് മുഹമ്മദ് മുസ്തഫ എന്നിവരാണ് പരാതിക്കാര്‍.
സംഭവം ഇങ്ങനെ:
കല്ലായിക്കു സമീപം സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറുമായി തട്ടി.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
തുടര്‍ന്ന് സ്റ്റേഷനില്‍ എത്താന്‍ ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ സ്കൂട്ടര്‍ യാത്രക്കാരനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പി്ന്നാലെ സ്കൂട്ടര്‍ യാത്രക്കാരന്റെ ഭാഗം ചേര്‍ന്ന് പൊലീസ് അധിക്ഷേപം നടത്തിയത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതോടെയാണ് പൊലീസ് ബല പ്രയോഗം തുടങ്ങിയത്.
ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി സ്റ്റേഷനുളളില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിച്ചതായാണ് യുവാക്കള്‍ കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവാക്കള്‍ അപമര്യാദയായി പെരുമാറിയപ്പോള്‍ നിയന്ത്രിക്കുകയായിരുന്നെന്നാണ് പന്നിയങ്കര പൊലീസ് പറയുന്നത്. കമ്മീഷണര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഫറോഖ് എസിപി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: