Kerala

മുഖ്യമന്ത്രിപിണറായി വിജയന് എന്ത് വിശ്വാസ്യതയെന്ന് ഗവര്‍ണര്‍, തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയും

Published by

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എന്ത് വിശ്വാസ്യതയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. സംസ്ഥാനത്തിന്റെ ഭരണത്തലവനെ എന്തിന് ഇരുട്ടില്‍ നിര്‍ത്തിയെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം സംബന്ധിച്ചാണ് ഗവര്‍ണറുടെ പ്രതികരണം.

മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. തന്റെ കത്തിന് മറുപടി നല്‍കാന്‍ 20 ലേറെ ദിവസം വൈകിയത് എന്തോ ഒളിക്കാനുള്ളതിനാലാണ്.

മലപ്പുറം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖം പരാമര്‍ശിച്ച് രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ രംഗത്ത് വന്നത്. പൊലീസ് വെബ്‌സൈറ്റിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്. ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു.

തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനപരമായി ബാധ്യത ഉണ്ട്. രാഷ്‌ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞ് നേരത്തേ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും ഡി ജി പിയും രാജ്ഭവനിലെത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിലക്കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ കണ്ടില്ല. ഇതോടെ ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.ഗവര്‍ണറുടെ കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ മറുപടി കത്തില്‍ പറയുന്നു.

വിവരങ്ങള്‍ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴചയില്ലെന്നും തനിക്ക് ഒന്നും മറയ്‌ക്കാനില്ലെന്നും ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

ഗവര്‍ണറെ എല്ലാ കാര്യങ്ങളും കൃത്യമായി അറയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. ദേശവിരുദ്ധ പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് കൂടുതലായും കേന്ദ്രത്തിന്റെ ചുമതലയാണ്. സ്വര്‍ണക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക