കൊല്ലം: നടൻ ടി പി മാധവൻ (89) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ് അദ്ദേഹം.
അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ. 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽ-സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടന് മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. അക്കാൽദമ എന്ന സിനിമയുടെ സെറ്റിൽ വച്ച് മധുവിന്റെ പ്രേരണയിൽ ചെറിയ ഒരു വേഷം ചെയ്തു. അതിനു ശേഷം സിനിമാഭിനയത്തിനായി മദ്രാസിലേക്ക് പോയി. സിനിമാഭിനയത്തിന് പോയതോടെ ഭാര്യ സുധ അദ്ദേഹത്തിൽ നിന്ന് വിവാഹമോചനം നേടി.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന് അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന് രാജകൃഷ്ണ മേനോന് മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: