കൊച്ചി: മുനമ്പം, ചെറായി തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്വത്തുവകകള്‍ക്ക് മേല്‍ വഖഫ് ബോര്‍ഡ് ഉന്നയിക്കുന്ന അവകാശവാദത്തിനെതിരെ വന്‍ പ്രതിഷേധം. മുനമ്പത്തെ അധിനിവേശത്തിനെതിരെ കൊച്ചി വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
കോണ്‍ഗ്രസ് നടപ്പാക്കിയ വഖഫ് നിയമമാണ് മുനമ്പത്തെ കുടിയൊഴിപ്പിക്കലിന് ഇടയാക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കുടിയിറക്ക് ഭീഷണി നേരിടുന്നവര്‍ക്കൊപ്പം ബിജെപി നിലകൊള്ളും. മതനേതാക്കളും കോണ്‍ഗ്രസ് നേതാക്കളും വഖഫ് സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തലമുറകളായി മുനമ്പത്ത് പൂര്‍വികര്‍ വില കൊടുത്തു വാങ്ങിയ സ്ഥലത്തുനിന്നും ഒരു കാരണവശാലും തദ്ദേശ വാസികളെ ഇറക്കിവിടാന്‍ അനുവദിക്കില്ല, രാഷ്ട്രീയമായും നിയമപരമായും അവര്‍ക്ക് സംരക്ഷണം നല്‍കും. ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതുവരെ ഒപ്പമുണ്ടാകും.
കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും പ്രശ്നം പരിഹരിക്കും എന്നാണ് പറയുന്നത്. കോണ്‍ഗ്രസ് എന്നും മുസ്ലിം വോട്ടുബാങ്കിന്റെ കൂടെയായിരുന്നു. പാലാ ബിഷപ്പിന് നേരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമത്തിന് തയാറായപ്പോഴും ക്രൈസ്തവ വിദ്യാലയങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി നിസ്കാരമുറി വേണമെന്ന ആവശ്യമുന്നയിച്ചപ്പോഴും മതനിരപേക്ഷസമൂഹത്തിന് ഇത് ഭീഷണിയാണെന്ന് പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവും മുന്നോട്ടു വന്നില്ല. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ വലിയ ഭൂരിപക്ഷത്തോടെ പസായി നിയമമാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗങ്ങളായ ഷോണ്‍ ജോര്‍ജ്, എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു, ജില്ലാ പ്രസിഡന്റ് വിനോദ് വര്‍ഗീസ,് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസഫ് പടമാടന്, ബിജു മാത്യു ഡെന്നി ജോസഫ്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രീപ്തി രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: