ന്യൂദൽഹി: എക്സിറ്റ് പോളുകളുടെ പിൻബലത്തിൽ ഹരിയാനയിൽ കോൺഗ്രസിന് അനായാസ വിജയം ഏവരും പ്രഖ്യാപിച്ചെങ്കിലും യഥാർത്ഥത്തിൽ വിജയം ബിജെപിക്കെന്ന് കൃത്യമായ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ബിജെപി ഹാട്രിക് നേടുമെന്നവ്യക്തമായ ലീഡാണ് രാവിലെ 11.14 വരെയുള്ള കണക്കനുസരിച്ച് കാണാൻ സാധിക്കുക.
സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിൽ 48 ഇടത്ത് ബിജെപി മുന്നിലും കോൺഗ്രസ് 36 ഇടത്തും ലീഡ് ചെയ്യുന്നു. അതേ സമയം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ തങ്ങൾ വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സ്ഥാപിച്ച വികസന സംവിധാനങ്ങൾ ദീർഘകാലത്തേക്ക് ഹരിയാനയ്‌ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞു. ഈ നല്ല പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ ന്യൂദൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നതിലേക്ക് ലീഡുകൾ ചൂണ്ടിക്കാണിച്ചതിന് ശേഷം കോൺഗ്രസ് അനുഭാവികൾ ധോൾ കളിയും ആഘോഷങ്ങളും ഒഴിവാക്കി നിലയിലാണ്. ഇപ്പോൾ ബിജെപിയുടെ തേരോട്ടത്തിൽ കോൺഗ്രസ് നേതാക്കളും അനുയായികളും വിറങ്ങലിച്ച് നിൽപ്പാണ്.
അതേ സമയം ഈ വോട്ടെണ്ണലിന് മുൻപ് പ്രവചിച്ച ഏഴ് എക്‌സിറ്റ് പോളുകളിൽ കോൺഗ്രസ് 55 സീറ്റുകൾ നേടുമെന്നും ബിജെപി 26ൽ ഒതുങ്ങുമെന്നുമായിരുന്നു. ഇതിനെയെല്ലാം തകർക്കുന്ന രീതിയിലാണ് ബിജെപിയുടെ വോട്ട് നില പുരോഗമിക്കുന്നത്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റുകളും കോൺഗ്രസ് 31 സീറ്റുകളും ജനനായക് ജനതാ പാർട്ടി (ജെജെപി) 10 സീറ്റുകളും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: