ചെന്നൈ: വ്യോമസേന ദിനത്തിന്റെ ഭാഗമായി ചെന്നൈ മറീന ബീച്ചില്‍ സംഘടിപ്പിച്ച എയര്‍ഷോയ്ക്കിടെ അഞ്ചു പേര് മരിച്ചത് തമിഴ്നാട് സര്‍ക്കാരിനുണ്ടായ വീഴ്ച മൂലമെന്ന് റിപ്പോര്‍ട്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഗതാഗതക്രമീകരണങ്ങള് പാളിയെന്നുമാണ് റിപ്പോര്‍ട്ട്.
പന്ത്രണ്ടു ലക്ഷത്തിലധികം ജനങ്ങളെ പ്രതീക്ഷിക്കുന്നതായി വ്യോമസേന സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. പതിമൂന്നു ലക്ഷം പേരാണ് മറീന ബീച്ചില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാണികളായെത്തിയ എയര്‍ ഷോ എന്ന ബഹുമതുയോടെ ഗിന്നസ് റിക്കാര്‍ഡ്സിലും ഇടം നേടി.
പക്ഷേ, പരിപാടി കാണാനെത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവുണ്ടായി. കുടിക്കാന്‍ വെള്ളം പോലും ലഭിച്ചിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ബീച്ച് റോഡില്‍ ഗതാഗതം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. പാര്‍ക്കിങ് സൗകര്യവും ഒരുക്കി. എന്നാല്‍ ഇവയൊന്നും ഫലവത്തായില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരമാവധി മെട്രോ, എംആര്‍ടിഎസ് സര്‍വീസുകളെ ആശ്രയിക്കണമെന്ന ഉപദേശം ജനം സ്വീകരിച്ചെങ്കിലും അതുകൊണ്ടും പ്രശ്നംതീര്‍ന്നില്ല. മറീനയിലേക്കുള്ള പ്രവേശനറോഡുകളില്‍ രാവിലെ മുതല്‍ത്തന്നെ വാഹനങ്ങളും കാല്‍നടയാത്രക്കാരും നിറഞ്ഞു. നടന്നുനീങ്ങാന്‍പോലും പറ്റാതെ പലപ്പോഴും ജനം വഴിയില്‍ക്കുടുങ്ങിയ അവസ്ഥയുമുണ്ടായി.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും പ്രതിപക്ഷവും രംഗത്തെത്തി. ആളുകള്‍ക്ക് പരിപാടി കാണാന്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും മരണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ കുറ്റപ്പെടുത്തി.
എയര്‍ഷോയില്‍ തിക്കും തിരക്കും കാരണം അഞ്ചു പേര് മരിക്കുകയും 200 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഷോ കാണാനെത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മതിയായ ഗതാഗതസംവിധാനങ്ങളും ഒരുക്കാതെ ഡിഎംകെ സര്‍ക്കാര്‍ പൊതുജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും അണ്ണാമലൈ ആരോപിച്ചു. എന്നാല്‍, തമിഴ്നാട് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് എഐഎഡിഎംകെ വക്താവ് ആവശ്യപ്പെട്ടു.
എയര്‍ ഷോ കഴിയാറായപ്പോള്‍ ജനങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങിയതോടെ റോഡുകളില്‍ തിക്കുംതിരക്കും നിയന്ത്രണാതീതമായി. മണിക്കൂറുകള്‍ക്കുശേഷമാണ് പലര്‍ക്കും പുറത്തുകടക്കാനായത്. 6500 പോലീസുകാരെയും 1500 ഹോം ഗാര്‍ഡുകളെയും സുരക്ഷാസംവിധാനമൊരുക്കാന്‍ നിയോഗിച്ചിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിക്കാനായില്ല.
തളര്‍ന്നുവീണവരെ ആശുപത്രിയിലെത്തിക്കാന്‍പോയ ആംബുലന്‍സുകളും വഴിയില്‍ക്കുടുങ്ങി. തളര്‍ന്നുവീണ ഒരാള്‍ ഓമന്തുരാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം എയര്‍ഷോയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. എയര്‍ ഷോ നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ചുള്ള സൗകര്യങ്ങളും സഹായവും നല്‍കിയിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, ചെന്നൈ കോര്പ്പറേഷന്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ ഏകോപനത്തോടെ ചെന്നൈയിലെ ജനങ്ങള്‍ക്ക് ഒരു മഹത്തായ ആഘോഷപരിപാടി നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഇതുകാരണം തിക്കും തിരക്കും കാരണമുള്ള വലിയ അപകടം ഒഴിവായി.
പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ വന്നതോടെ തിരികെ പോകാന്നേരം അവര്‍ക്ക് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കടുത്തേക്കും പൊതുഗതാഗതം ലഭ്യമായിടത്തേക്കും എത്താന്‍ സാധിക്കാതെവന്നു. അടുത്ത തവണ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സ്റ്റാലിന് കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: