തിരുവനന്തപുരം: പരിഷ്ക്കരിച്ച ‘സമഗ്ര പ്ലസ്’ പോര്‍ട്ടലില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ക്വസ്റ്റിന് ബാങ്ക് തയ്യാറാക്കി കൈറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എക്കണോമിക്സ്, അക്കൗണ്ടന്‍സി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവില്‍ ‘സമഗ്രപ്ലസ്’ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ളത്.
പ്രത്യേകം ലോഗിന്‍ ചെയ്യാതെതന്നെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ‘സമഗ്രപ്ലസ്’ പോര്‍ട്ടലിലെ ക്വസ്റ്റിന്ബാങ്ക് ലിങ്ക് വഴി ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാനാകും. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിരഞ്ഞെടുത്താല്‍ ആ അദ്ധ്യായത്തിലെ ചോദ്യങ്ങള്‍ ക്രമത്തില്‍ കാണാനാകും. ചോദ്യത്തിന് നേരെയുള്ള ‘View Answer Hint’ ക്ലിക്ക് ചെയ്താല്‍ അതിനുള്ള ഉത്തര സൂചികയും ദൃശ്യമാകും.
ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് വ്യത്യസ്ത ടേമുകള്‍ക്കും അദ്ധ്യായങ്ങള്‍ക്കും അനുസൃതമായ ചോദ്യപേപ്പറുകള്‍ അനായാസേന തയ്യാറാക്കാന്‍ സൗകര്യമൊരുക്കുന്നു എന്നതാണ് ‘സമഗ്രപ്ലസി’ന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതിനായി അധ്യാപകര്‍ ലോഗിന്‍ ചെയ്ത് പോര്‍ട്ടലിലെ ‘Question Repository’ എന്ന ഭാഗം പ്രയോജനപ്പെടുത്തണം. നിലവിലുള്ള ചോദ്യ ശേഖരത്തിനു പുറമെ അധ്യാപകര്‍ക്ക് ‘My Questions’ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് സ്വന്തമായി ചോദ്യങ്ങള്‍ തയ്യാറാക്കാനും അപ്രകാരം തയ്യാറാക്കിയവ അവരുടെ ചോദ്യശേഖരത്തില്‍ ചേര്‍ത്ത് ചോദ്യപേപ്പറിന്റെ ഭാഗമാക്കാനും സംവിധാനമുണ്ട്. www.samagra.kite.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: