കൊച്ചി: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം വെര്‍ച്വല്‍ ബുക്കിങ് വഴി എണ്‍പതിനായിരമായി നിയന്ത്രിക്കാനെടുത്ത സര്‍ക്കാര്‍ നടപടി തെറ്റെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍.
കഠിന വ്രതമനുഷ്ഠിച്ച് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തില്ലെന്ന കാരണത്താല്‍ ദര്‍ശനം നിഷേധിക്കാനുള്ള തീരുമാനം വളരെയധികം ദോഷം ചെയ്യും. മതാനുഷ്ഠാനം ഭരണഘടന അനുശാസിക്കുന്ന അവകാശം കൂടിയാണ്. വെര്‍ച്വല്‍ ബുക്കിങ്ങിനെപറ്റി അറിയാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഈ തീരുമാനം വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കും. ഹൈന്ദവ സംഘടനകളോടും അയ്യപ്പഭക്തരോടും ആലോചിക്കാതെ നടപ്പാക്കിയ ഈ സംവിധാനം പുനപ്പരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും ശബരിമലയെ വീണ്ടും വിവാദ കേന്ദ്രമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല തീര്‍ത്ഥാടനകാലം നിയന്ത്രിതമായ കാലഘട്ടമാണ്. ആ കാലഘട്ടത്തെ തിരുപ്പതി ദര്‍ശനത്തിന് തുല്യമാക്കാനുള്ള തീരുമാനം ശരിയല്ല. തിരുപ്പതിക്ഷേത്രം വര്‍ഷം മുഴുവന്‍ ദര്‍ശന സൗകര്യമുള്ള ക്ഷേത്രമാണ്, മണ്ഡലകാലത്ത് എത്തിച്ചേരുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഒരുക്കിക്കൊടുക്കാനുള്ള ശാസ്ത്രീയ വ്യവസ്ഥകള്‍ ചെയ്യാതെ മണ്ടന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍ വീണ്ടും ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തുകയാണ്.
എരുമേലിയില്‍ കുറി തൊടീക്കുന്നതിനുവേണ്ടി ടെന്‍ഡര്‍ വിളിച്ച ബുദ്ധിശൂന്യമായ തീരുമാനം പിന്‍വലിച്ചതുപോലെ ഈ തീരുമാനവും പിന്‍വലിക്കണം, വി.ആര്‍. രാജശേഖരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: