ന്യൂദല്‍ഹി: ഹോക്കി ഇതിഹാസം പി.ആര്. ശ്രീജേഷിന്റെ പരിശീലക പരീക്ഷണത്തിന് ഇനി ദിവസങ്ങള്‍ മാത്രം. 19ന് മലേഷ്യയില്‍ ആരംഭിക്കുന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പിനുള്ള ഭാരത ടീമിനെ പരിശീലിപ്പിക്കുന്നത് ശ്രീജേഷ് ആയിരിക്കും. അണ്ടര്‍-21 താരങ്ങള്‍ക്കാണ് സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുക.
ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സില്‍ ഭാരതം തുടരെ രണ്ടാം തവണയും വെങ്കല മെഡല്‍ നേടിയതിന് പിന്നാലെ ശ്രീജേഷ് കരിയറിനോട് വിട പറഞ്ഞു. തുടര്‍ന്ന് ഭാരതത്തിന്റെ പരിശീലക പദവിയിലേക്കെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി ജൂനിയര്‍ തലത്തില്‍ പരിശീലക ദൗത്യം ഏറ്റെടുത്ത് തുടങ്ങുമെന്നും അറിയിച്ചിരുന്നു.
19ന് ജപ്പാനെതിരെയാണ് ശ്രീജേഷിന് കീഴിലിറങ്ങുന്ന ഭാരത ടീമിന്റെ ആദ്യ കളി. ഇതിന് പിന്നാലെ ബ്രിട്ടന്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ആതിഥേയരായ മലേഷ്യ എന്നിവരുമായി പോരടിക്കും.
സുല്‍ത്താന്‍ ജോഹര്‍ കപ്പിന് പിന്നാലെ ഭാരതത്തെ കാത്തിരിക്കുന്നത് നവംബറില്‍ മസ്കറ്റില്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യാകപ്പ് ആണ്.
സുല്‍ത്താന്‍ ജോഹര്‍ കപ്പിനുള്ള ഭാരത ടീം:
ഗോള്‍ കീപ്പര്‍മാര്‍- ബിക്രംജിത് സിങ്, അലി ഖാന്
പ്രതിരോധക്കാര്‍- അമിര്‍ അലി(ക്യാപ്റ്റന്‍), ടാലെം പ്രിയോബര്ത്ത, ശര്ദാനന്ദ് തിവാരി, സുഖ്വീന്ദര്, അന്മോല് എക്ക, രോഹിത്(വൈസ് ക്യാപ്റ്റന്‍)
മദ്ധ്യനിരയില്‍- അങ്കിത് പാല്, മന്മീത് സിങ്, റോസന്‍ കുജുര്‍, മുകേഷ് ടൊപ്പോ, ചന്ദന്‍ യാദവ്
മുന്നേറ്റ നിര- ഗുര്‍ജോത് സിങ്, അര്‍ഷദീപ് സിങ്, സൗരഭ് ആനന്ദ് കുഷ്വാഹാ, ദില്‍രാജ് സിങ്, മോഹമ്മദ് കോനെയിന് ഡാഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: