World

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് ട്രംപ് ; ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചേക്കുമെന്ന് ബൈഡന്‍; ഭീതിയില്‍ ഇറാന്‍; വിമാനങ്ങള്‍ റദ്ദാക്കി

Published by

വാഷിംഗ് ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഉടനടി ആക്രമിക്കണമെന്നും ബാക്കിയെല്ലാം പിന്നെ ആകാമെന്നും മുന്‍ യുഎസ് പ്രസി‍ഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൂചന നല്‍കി. ഇതോടെ ഇറാന്‍ യാത്രാ വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ബൈഡന്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വരികയാണെന്ന് സൂചന നല്‍കിയത്. ഇതോടെ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില അഞ്ച് ശതമാനം കൂടി. ഇറാന്‍ കടുത്ത ഭീതിയിലാണ്. ഇസ്രയേലിലേക്ക് 180 മിസൈലുകള്‍ അയച്ച് ആക്രമണം നടത്തിയ ഇറാന് ഇസ്രയേല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് തന്നെയാണ് ഇസ്രയേല്‍-ഇറാന്‍ പ്രശ്നം വിശകലനം ചെയ്യുന്ന വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ 7 തിങ്കളാഴ്ചയായിരിക്കുമോ ആ ദിവസം എന്നാണ് സംശയിക്കപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് ഒരു ഒക്ടോബര്‍ 7നാണ് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബര്‍ ആറിന് ഇസ്രയേല്‍ ലെബനനിലെ തെക്കന്‍ ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 90 ഓളം പേര്‍ക്ക് പരിക്കേറ്റു. ലെബനനില്‍ ഉള്ള ഒരു പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പും ആക്രമിച്ചു. ഇതോടെ ഹെസ്ബുള്ളയ്‌ക്കും ഹമാസിനും എതിരായ ബോംബാക്രമണമാണ് ലക്ഷ്യമിട്ടത്. ഉഗ്രബോംബ് സ്ഫോടനങ്ങള്‍ നിലയ്‌ക്കാതെ ആവര്‍ത്തിച്ചതോടെ ആയിരങ്ങള്‍ നഗരം വിട്ടോടിപ്പോവുകയാണ്. ഒക്ടോബര്‍ അഞ്ച് അര്‍ധരാത്രി തുടങ്ങിയ ബോംബാക്രമണം ഒക്ടോബര്‍ ആറ് ഞായറാഴ്ചയിലേക്കും നീണ്ടു. ബെയ്റൂട്ടില്‍ മാത്രമല്ല, കിഴക്കന്‍ മേഖലയായ ബാല്‍ബെകിലും ബോംബാക്രമണം നടത്തി. പലസ്തീനിലെ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ക്കെതിരെയും ആക്രമണം നടത്തി. വീണ്ടും ഹമാസ് തീവ്രവാദികള്‍ സംഘം ചേരുന്നതായി സംശയിക്കപ്പെടുന്ന ഇടങ്ങളിലായിരുന്നു ആക്രമണം.

ഒക്ടോബര്‍ 7 തിങ്കളാഴ്ച ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്നതോടെ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയക്കുമെന്ന ഭയമുള്ളതിനാല്‍ ഇറാന്‍ യാത്രാ വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക