Kerala

പി.വി അന്‍വറിനെ സഖ്യകക്ഷിയാക്കില്ലെന്ന് ഡിഎംകെ; എൽഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്ന് ഇളങ്കോവൻ

Published by

ചെന്നൈ: സിപിഎമ്മുമായി തെറ്റിയ നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിനെ സഖ്യകക്ഷിയായി ഉൾപ്പെടുത്താനാവില്ലെന്ന് ഡിഎംകെ. പാർട്ടി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്നാണ് ഡിഎംകെ വക്താവായ ടികെഎസ് ഇളങ്കോവൻ പറയുന്നത്.

അന്‍വറുമായി രാഷ്‌ട്രീയ ചര്‍ച്ച നടത്തിയില്ലെന്നും ഡി എം കെയ്‌ക്കുള്ളിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ഇളങ്കോവൻ പറഞ്ഞു. കേരളത്തില്‍ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ട്. പി വി അന്‍വര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്നാണ് ഡിഎംകെ നിലപാടെന്ന് ഇളങ്കോവന്‍ പറഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് അന്‍വര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിയമവിദഗ്‌ദ്ധരുമായി ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) ഒരു സാമൂഹ്യ സംഘടയാണെന്നും അതിന്റെ കാര്യത്തില്‍ ആശയക്കുഴമില്ലെന്നും അന്‍വര്‍ പറഞ്ഞു. മഞ്ചേരിയില്‍ നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും.സാധാരണക്കാരായ മനുഷ്യരാണ് തന്നെ സംബന്ധിച്ച് പ്രബല നേതാക്കളെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശ്രംഖല ഉണ്ടാക്കും. ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്.മറ്റ് 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുസമ്മേളനം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by